പാകിസ്ഥാനിൽ അന്യനാട്ടുകാർക്ക് മാത്രമല്ല സ്‌ത്രീകൾക്കും രക്ഷയില്ല;മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ ആൾക്കൂട്ടം മർദ്ദിച്ചു, നഗ്നരാക്കി പൊതുവഴിയിൽ നടത്തി

Wednesday 08 December 2021 1:39 PM IST

ലാഹോർ: മോഷണക്കുറ്റം ആരോപിച്ച് നാല് സ്‌ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി മർദ്ദിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിന് സമീപമാണ് സംഭവം നടന്നത്. മ‌ർദ്ദിച്ച ശേഷം ഇവരെ മോഷ്‌ടാക്കളെന്ന് ആരോപിച്ച് പൊതുവഴിയിലൂടെ ജനക്കൂട്ടം നടത്തിക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് പഞ്ചാബ് പൊലീസ് പറയുന്നതിങ്ങനെ. കടകളിൽ നിന്ന് മാലിന്യം ശേഖരിക്കാനാണ് ഒരു യുവതി ഉൾപ്പടെ നാല് സ്‌ത്രീകൾ ഫൈസലാബാദിലെ ചന്തയിലെത്തിയത്. ഒരു കടയിലെത്തി കുടിവെള‌ളം ചോദിച്ചെങ്കിലും കടയുടമ അത് കൊടുക്കാൻ തയ്യാറാവാതെ മോഷ്‌ടിക്കാനെത്തിയവരാണ് വനിതകൾ എന്നാരോപിച്ച് ബഹളം വച്ചു. തുടർന്ന് ജനങ്ങൾ കൂടി ഇവരെ മ‌‌ർദ്ദിക്കുകയും നഗ്നരാക്കി വലിച്ചിഴയ്‌ക്കുകയും ചെയ്യുകയായിരുന്നു.

തങ്ങൾ കു‌റ്റമൊന്നും ചെയ്‌തില്ലെന്നും വെറുതെവിടണമെന്നും ആവശ്യപ്പെട്ടിട്ടും ജനക്കൂട്ടം തയ്യാറായില്ലെന്ന് മർദ്ദനമേ‌റ്റ സ്‌ത്രീകളിൽ ഒരാൾ പറഞ്ഞു. നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോയും ചിലർ ചിത്രീകരിച്ചു.

സംഭവം വളരെ നിർഭാഗ്യകരമായിപ്പോയെന്നും അതിക്രമം കാണിച്ച കടയുടമയടക്കം അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തതായും പഞ്ചാബ് പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിൽ പങ്കെടുത്ത മറ്റുള‌ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് ദിവസംമുൻപാണ് ശ്രീലങ്കൻ പൗരനായ ടെക്‌സ്‌റ്റയിൽ മാനേജരെ ആൾക്കൂട്ടം പാകിസ്ഥാനിലെ സിയാൽകോട്ടിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ചത്. ക്രൂരമായ ആ സംഭവത്തിൽ പാകിസ്ഥാന് അന്താരാഷ്‌ട്ര തലത്തിൽ തലകുനിക്കേണ്ടി വന്നു. അതിന് പിന്നാലെയാണ് പഞ്ചാബ് പ്രവിശ്യയിലെ സംഭവം.