പ്രസാദ് സ്വാമി എന്ന മുനിവര്യൻ

Thursday 09 December 2021 2:05 AM IST

ആത്മവിചാരത്തിന്റെ പടിവാതിലിലേക്ക് എനിക്ക് വഴികാട്ടിത്തന്നത് അരനൂറ്റാണ്ടിലേറെയായി ഗുരുദർശനത്തിന്റെ വിളക്കേന്തി ലോകത്തിനു പ്രകാശമേകുന്ന മുനി നാരായണപ്രസാദ് എന്ന മുനിവര്യനാണ്. ഒന്നുമില്ലായ്മയുടെ ഭാരഭയത്തിൽ നില്‌ക്കുകയായിരുന്ന എനിക്ക് ഒന്നുമില്ലായ്മയുടെ ഉള്ളിന്റെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒന്നിന്റെ സത്തയെക്കുറിച്ച് പറഞ്ഞുതന്ന എന്റെ ആദ്യത്തെ ഗുരുവാണ് മുനിനാരായണപ്രസാദ്. മൂന്നര പതിറ്റാണ്ട് മുൻപ് ഗുരുവിന്റെ വഴിയിലേക്ക് എന്നെ കൈപിടിച്ചു നടത്തിയത് അദ്ദേഹമാണ്.
1987 -ൽ ഞാൻ ഗുരുകുലത്തിലെത്തുമ്പോൾ ഗുരു മുനിനാരായണപ്രസാദ് അന്ന് എല്ലാവർക്കും പ്രസാദ് സ്വാമിയായിരുന്നു. എനിക്ക് മറ്റുപലർക്കും എന്നപോലെ പ്രസാദ് അണ്ണനും. അതുകൊണ്ടു തന്നെ നാരായണഗുരുകുലത്തിന്റെ അദ്ധ്യക്ഷനായ അദ്ദേഹത്തോട് എല്ലാ ആദരവും നിലനിറുത്തിക്കൊണ്ടുതന്നെ ഞാനിവിടെ അങ്ങനെ വിളിച്ചുപോകുന്നു.
പാറമേൽ പരന്നൊഴുകി വീണ് ചിന്നിച്ചിതറുന്ന കുമിളകൾ പോലെയായിരുന്നു പ്രസാദ് അണ്ണന്റെ ക്ഷോഭം. അത് പെട്ടെന്നിങ്ങു പൊന്തിവരും. അതുപോലെതന്നെ പെട്ടെന്നങ്ങ് പോവുകയും ചെയ്യും. പലർക്കും പൊരുത്തപ്പെടാൻ പ്രയാസമെന്ന് തോന്നുന്ന ആ പ്രകൃതം പക്ഷേ എനിക്ക് പ്രയാസമായി അനുഭവപ്പെട്ടില്ല.
വർക്കല ഗുരുകുലത്തിലെ ബുക്ക് സ്റ്റാളിലായിരുന്നു പകൽ നേരത്ത് അന്നെന്റെ ഇരിപ്പ്. വല്ലപ്പോഴും പുസ്തകം വാങ്ങാൻ ആരെങ്കിലും എത്തിയെങ്കിലായി. ഗുരുകുലം മാസികയുടേയും മറ്റു പുസ്തകങ്ങളുടേയും പ്രൂഫ് വായനയായിരുന്നു പ്രധാനമായും പണി. അതിനിടയിൽ പല നേരങ്ങളിലായി പ്രസാദ് അണ്ണൻ വന്നുപോകും. അതെല്ലാം കാറ്റിന്റെ വേഗതയിലാണ്. അന്നന്നത്തെ തപാൽക്കെട്ടു വന്നുകഴിഞ്ഞാൽ ഒന്നൊന്നായി പൊട്ടിച്ചു വായിക്കും. അത് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാണെങ്കിൽ അപ്പോൾത്തന്നെ വന്ന് കത്ത് എന്നെ ഏല്‌‌പിക്കും.
ഒരുനേരവും വെറുതേയിരിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഏറ്റക്കുറവുകൾ നോക്കാതെ മറ്റുള്ളവരെ ശകാരിക്കും. എന്നാൽ തൊട്ടടുത്ത നിമിഷം അങ്ങനെയൊരു ശകാരം നടന്നതായിപ്പോലും ഭാവിക്കാതെ സ്‌നേഹമസൃണമായി പെരുമാറും. നാട്യങ്ങളില്ലാത്ത ജീവിതം, ഗുരുവിനായി സമർപ്പിക്കപ്പെട്ട ജീവിതം, ലാളിത്യത്തിന്റെ ശിഖരാഗ്രം കൊണ്ട് വെടിപ്പാക്കപ്പെട്ട ജീവിതം, ഗർവിന്റെ അംശച്ഛേദങ്ങളില്ലാത്ത പാണ്ഡിത്യം, ആരേയും ഉൾക്കൊള്ളാനുള്ള തുറന്നമനസ്, ഏത് പ്രതിസന്ധികളേയും മറികടക്കാൻ തക്ക പാകത വന്ന നിശ്ചയദാർഢ്യം. മുണ്ഡനം ചെയ്യപ്പെട്ട ശിരസിൽ ഇടയ്ക്കിടെ ഇടതുകൈത്തലം കൊണ്ട് തലോടി കുശലം പറയുകയും പുഞ്ചിരി പൊഴിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സ്‌നേഹം നമ്മിലേക്കൊഴുകുന്നത് നമ്മളറിയാതെയാണ്.
1987 - ലാണെന്ന് തോന്നുന്നു, കേരളകൗമുദി വാരാന്ത്യപ്പതിപ്പിൽ പാവങ്ങളുടെ വലിയ പടത്തലവൻ എന്ന തലക്കെട്ടോടെ നടരാജഗുരുവിന്റെ പിതാവുകൂടിയായ ഡോ. പി. പല്പുവിനെക്കുറിച്ച് എന്റെയൊരു ലേഖനം അച്ചടിച്ചു വന്നു. അതു വായിച്ച ഉടനെ എന്റെയടുത്തേക്കുവന്ന് പ്രശംസിച്ച അദ്ദേഹം ലേഖനം വന്ന പത്രം മടക്കിയെടുത്ത് എന്നെക്കുറിച്ചുള്ള ഒരു കുറിപ്പിനൊപ്പം അന്നത്തെ ഗുരുകുലാദ്ധ്യക്ഷനായിരുന്ന ഗുരു നിത്യചൈതന്യയതിക്ക് അയച്ചുകൊടുത്തു. ഊട്ടിയിലേക്ക് എത്താനുള്ള ഗുരുവിന്റെ അറിയിപ്പ് വന്നപ്പോഴാണ് ഞാനിത് അറിയുന്നത്. അങ്ങനെ വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ള പണം തന്ന് എന്നെ ഊട്ടിയിലെ ഫേൺഹിൽ ഗുരുകുലത്തിൽ ഗുരു നിത്യചൈതന്യ യതിയുടെ അടുത്തേക്കയച്ചത് പ്രസാദ് സ്വാമിയാണ്.
പിന്നീട് ഗുരുകുലം മാസികയുടേയും പ്രസിദ്ധീകരണങ്ങളുടേയും കാര്യത്തിൽ ശ്രദ്ധ ചെലുത്താനായി ഞാൻ ഗുരുവിനാൽ നിയോഗിക്കപ്പെട്ടു.
പ്രസാദ് സ്വാമിയുടെ ഉള്ളിലൊഴുകുന്ന സ്‌നേഹപ്പുഴയിൽ എന്റെ ഹൃദയം അലിഞ്ഞുപോയ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കാലത്ത് ഗുരുകുലത്തിലെ പാചകം നിർവഹിച്ചിരുന്നത് രാമൻ എന്നൊരു സഹൃദയനായിരുന്നു. താടിയും മുടിയും വേഷഭൂഷാദികളുമൊക്കെ കണ്ടാൽ തികഞ്ഞൊരു സന്യാസിയാണെന്നെ ആർക്കും തോന്നുമായിരുന്നുള്ളൂ. അന്നു ഗുരുകുലത്തിലുണ്ടാകുന്ന പച്ചക്കറിയിൽ നിന്നാണ് പ്രധാന കറികളൊക്കെ ഉണ്ടാക്കിയിരുന്നത്. രാവിലെ രാജനും ഗോപാലകൃഷ്ണനും മുരളിക്കും ഒപ്പം ഞാനും ചേർന്നു അതു നുറുക്കിക്കൊടുക്കുമായിരുന്നു. അടുക്കളയിൽ നിന്നു ചെയ്യുന്ന ജോലിക്കു ചേരുംവിധമുള്ള ഗുരുവചനങ്ങൾ അപ്പപ്പോൾ രാമൻചേട്ടൻ ഉരുവിടുന്നതു കേൾക്കാം. ഗുരുകുലത്തിലെ പാചകനുപോലും ഗുരുദേവകൃതികൾ ഹൃദിസ്ഥമായിരുന്നു.
രാമൻ ചേട്ടൻ വരാതിരുന്ന ഒരു ദിവസം ഞാൻ രാവിലെ അടുക്കളയിലെത്തി എല്ലാവർക്കുമുള്ള ചായ ഉണ്ടാക്കാൻ തുടങ്ങി. ബോർഡിംഗിലെ കുട്ടികളടക്കം നാല്‌പതു പേർക്കു ചായ വേണം. വലിയൊരു കലത്തിൽ തിളപ്പിച്ചെടുത്ത തേയിലവെള്ളം തിളച്ചുകിടന്ന പാൽപ്പാത്രത്തിലേക്ക് ഒഴിക്കവേ വഴുതി എന്റെ ഇടതുകാലിലേക്ക് വീണു. കാലാകെ വല്ലാതെ പൊള്ളലേറ്റു. ചുടുനീറ്റലിൽപ്പെട്ട് ഞാൻ വിവശനായി. അവിടെ ഉണ്ടായിരുന്നവർ എന്നെ താങ്ങിപ്പിടിച്ച് ഒരു ബെഞ്ചിലിരുത്തി. വിവരമറിഞ്ഞ് പത്രം വായിക്കുകയായിരുന്ന പ്രസാദ് സ്വാമി ഓടിവന്നു. ഉടനെ അദ്ദേഹം പോയി ഒരു തൈലവുമായി ശീഘ്രം മടങ്ങിയെത്തി. എന്റെ കാൽ സ്വാമിയുടെ മടിയിൽവച്ച് എണ്ണയിട്ടു തരികയും മൃദുവായി വീശിത്തരികയും ചെയ്തു. ഇങ്ങനെ എത്രയെത്ര സ്‌നേഹമലരുകൾ വിരിഞ്ഞ മനസാണ് അദ്ദേഹത്തിന്റേത്.
മൂന്നര പതിറ്റാണ്ടിനിപ്പുറം സ്വാമിയുടെ ആത്മകഥ ആത്മായനം കേരളസാഹിത്യ അക്കാഡമിയുടെ അവാർഡിനു അർഹമായപ്പോൾ ആ പുരസ്‌‌കാരം അക്കാഡമിയുടെ സെക്രട്ടറിക്കൊപ്പം ഗുരുകുലത്തിലെത്തി സ്വാമിക്കു കൈമാറാനുള്ള ഭാഗ്യവും എനിക്കുണ്ടായി. അതു ഗുരുനിയോഗത്താൽ വന്നുചേർന്നതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ ശതാഭിഷിക്തനായ ഗുരു മുനിനാരായണപ്രസാദ് എന്ന എന്റെ വന്ദ്യ ഗുരുവിന് ഞാൻ പ്രാർത്ഥന കൊണ്ടൊരു തുലാഭാരം നേരുന്നു.

ലേഖകൻ കേരള സാഹിത്യ അക്കാഡമി അംഗമാണ്. ഫോൺ - 9061812819

Advertisement
Advertisement