മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് രാത്രിയിൽ വെള്ളം തുറന്നുവിടുന്നതിൽ ത‌മിഴ്‌നാടിനെ തടയണം,​ സുപ്രീംകോടതിയിൽ കേരളം പുതിയ അപേക്ഷ നൽകി

Wednesday 08 December 2021 9:30 PM IST

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് രാത്രി വെള്ളം തുറന്നു വിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണം എന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തു. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാൻ പുതിയ സമിതി രൂപീകരിക്കണം എന്ന് കേരളം ആവശ്യപ്പെട്ടു.

.ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം എന്ന് മേൽനോട്ട സമിതിയോട് നി‍‌ർദ്ദേശിക്കണമെന്നും പുതിയ അപേക്ഷയിൽ പറയുന്നു.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നത്. വീടുകളിൽ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയിൽ നൽകുന്ന അപേക്ഷയോടൊപ്പം ഉൾപ്പെടുത്താനാണ് തീരുമാനം.അടിയന്തര ഇടപെടൽ വേണ്ട വിഷയമാണ് ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും മേൽനോട്ട ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും കേരളം ആരോപിക്കുന്നു. വെള്ളിയാഴ്ച കേരളത്തിന്‍റെ അപേക്ഷ കോടതി പരിഗണിക്കും.