ആലപ്പുഴയിൽ മുളപൊട്ടി കേരഗ്രാമം

Thursday 09 December 2021 12:00 AM IST

ആലപ്പുഴ: തെങ്ങിൻ തോട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപം നൽകിയ 'കേരഗ്രാമം' പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ 250 ഹെക്ടർ വിസ്തൃതിയിലുള്ള പത്ത് കേരഗ്രാമങ്ങളാണ് ജില്ലയിൽ രൂപീകരിക്കുന്നത്. ഒരു കേരഗ്രാമത്തിന് 50.17 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

പദ്ധതി പ്രകാരം പത്തിരട്ടിവരെ നാളികേര ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കൃഷി പരിപാലനം, നാളികേര സംസ്കരണം, ജൈവവള ഉത്പാദന യൂണിറ്റുകൾക്ക് സഹായം, കർഷകർക്ക് വിവിധ ഇൻഷ്വറൻസ് പദ്ധതികൾ, കുള്ളൻ തെങ്ങുകളുടെ പ്രദർശനത്തോട്ടമൊരുക്കൽ തുടങ്ങിയവയ്ക്ക് സഹായം ലഭിക്കും.

കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനം ഒരു കുടക്കീഴിലാക്കാനും നാളികേര വികസന കൗൺസിൽ ലക്ഷ്യമിടുന്നുണ്ട്. അപേക്ഷ നൽകിയ കർഷകരിൽ നിന്ന് സർവേ നടത്തി, കേര സമിതികൾ രൂപീകരിച്ച്, പഞ്ചായത്ത് തല സമിതികളായാണ് പദ്ധതിയുടെ പ്രവർത്തനം.

പത്തിരട്ടി ഉത്പാദനത്തിന് പത്ത് കേരഗ്രാമങ്ങൾ

1. ഒരുവർഷം 15 ലക്ഷം നല്ലയിനം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കും

2. ഓരോ വാർഡിലും 75 തൈകൾ വീതം

3. മൂന്നുവർഷം പരിപാലനം ഉറപ്പാക്കും

4. നീളമുള്ള തെങ്ങിൻ തൈകൾ 60 ശതമാനവും കുള്ളൻ ഇനം 20 ശതമാനവും

5. അത്യുത്പാദന ശേഷിയുള്ള ഇനങ്ങൾ 20 ശതമാനം

6. കൃഷിവകുപ്പ്, കാർഷിക സർവകലാശാല, നാളികേര വികസന കോർപ്പറേഷൻ, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്നിവയിലൂടെ തെങ്ങിൻ തൈകൾ വിതരണം ചെയ്യും

7. സ്വകാര്യ നഴ്സറികളിലെ തൈകൾക്ക് ഗുണനിലവാരം നിർബന്ധമാക്കും

ജില്ലയിലെ കേരഗ്രാമങ്ങൾ

# മുഹമ്മ

# പാണാവള്ളി

# അമ്പലപ്പുഴ നോർത്ത്

# കടക്കരപ്പള്ളി

# കഞ്ഞിക്കുഴി

# ചേർത്തല നഗരസഭ

# തൃക്കുന്നപ്പുഴ

# കായംകുളം നഗരസഭ

# പാലമേൽ

# മുളക്കുഴ

പ്രവർത്തനങ്ങൾ

# തെങ്ങ് പരിചരണം

# ആനുകൂല്യങ്ങൾ ലഭ്യമാക്കൽ

# ജലസേചനം

# യന്ത്ര വിതരണം

# ഇടവിളകൃഷിക്ക് സഹായം

# ജൈവ വള യൂണിറ്റ്

കേരഗ്രാമം: 250 ഹെക്ടർ

തെങ്ങുകൾ: 43,​750

""

കർഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടർപ്രവർത്തനങ്ങൾക്ക് കൃഷിഭവനുകൾക്കൊപ്പം പഞ്ചായത്ത് തല ഇടപെടലുകളും ഉറപ്പാക്കണം. പദ്ധതി മികച്ച വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആർ. ശ്രീരേഖ

പ്രിൻസിപ്പൽ കൃഷി ഓഫീസർ

Advertisement
Advertisement