നാല് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു,​ 15 അദ്ധ്യാപർക്കെതിരെ കേസ്

Thursday 09 December 2021 12:03 AM IST

ജയ്‌പൂർ: രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥിനികളെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാർ സ്കൂൾ പ്രിൻസിപ്പൽ അടക്കം 15 അദ്ധ്യാപകർക്കെതിരെ കേസെടുത്തു. ഇതിൽ അഞ്ചുപേർ സ്ത്രീകളാണ്.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദ്യം അദ്ധ്യാപകർ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. കുട്ടി സ്‌കൂളിൽ പോകാൻ വിസമ്മതിച്ചതോടെ പിതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രധാനാദ്ധ്യാപകനും മൂന്നോളം അദ്ധ്യാപകരും ചേർന്ന് ഒരു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ രണ്ട് അദ്ധ്യാപികമാർ പകർത്തിയതായും കുട്ടി വെളിപ്പെടുത്തി.

തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതോടെ സ്‌കൂളിൽ നിന്നും സമാന രീതിയിലുള്ള മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി മന്ദാന പൊലീസ് സ്റ്റേഷൻ ഓഫീസർ മുകേഷ് യാദവ് പറഞ്ഞു.

ആറ്, നാല്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും അദ്ധ്യാപകരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മൊഴി നൽകി. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അദ്ധ്യാപകർ കുട്ടികളെ ഭീഷണിപ്പെടുത്തി.

സ്‌കൂളിലെ അദ്ധ്യാപികമാർ സ്‌കൂൾ ഫീസ് അടക്കാമെന്നും പുസ്തകം വാങ്ങിത്തരാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചിരുന്നതായി വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.

അദ്ധ്യാപകർ സംഘം ചേർന്ന വീട്ടിലേക്ക് പലപ്പോഴായി കൊണ്ടുപോയത് അദ്ധ്യാപികയാണെന്നും ഇവരെല്ലാം മദ്യപിച്ചിരുന്നതായും അവിടെ വച്ചാണ് പീഡിപ്പിച്ചതെന്നും ഒരു വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി.

സംഭവം അറിഞ്ഞതിനെ തുടർന്ന് പരാതി പറയാനെത്തിയപ്പോൾ പ്രധാനാദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയതായി ഒരു വിദ്യാർത്ഥിനിയുടെ പിതാവ് മൊഴി നൽകി. സഹോദരൻ മന്ത്രിയാണെന്നും പരാതി നൽകിയാൽ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി.
അതേസമയം, വർഷങ്ങൾക്ക് മുമ്പ് പീഡനശ്രമത്തിന് അറസ്റ്റിലായ സ്കൂളിലെ മുൻ അദ്ധ്യാപകന്റെ ഗൂഢാലോചനയാണിതെന്നും പറയപ്പെടുന്നു.

Advertisement
Advertisement