വനിതാ പ്രകടനപത്രികയുമായി പ്രിയങ്ക ഗാന്ധി

Thursday 09 December 2021 12:07 AM IST

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വനിതാ പ്രകടനപത്രികയായ ശക്തി വിധാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിൽ പുറത്തിറക്കി.

കോൺഗ്രസ് യു.പിയിൽ അധികാരത്തിലെത്തിയാൽ സൃഷ്ടിക്കുന്ന 20 ലക്ഷം തൊഴിലവസരങ്ങളിൽ 40 ശതമാനം സ്ത്രീകൾക്ക് സംവരണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റും സ്ത്രീകൾക്കായിരിക്കും.

12 -ാം ക്ലാസ് പാസാകുന്ന പെൺകുട്ടികൾക്ക് സ്‌മാർട്ട് ഫോൺ, ബിരുദം നേടുന്ന പെൺകുട്ടികൾക്ക് ഇലക്ട്രിക് സ്കൂട്ടർ, സ്ത്രീകൾക്ക് വേണ്ടി നൈപുണ്യ വികസന സ്കൂളുകൾ, ഗുരുതര രോഗബാധിതരായ സ്ത്രീകൾക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, എല്ലാ മുതിർന്ന പൗരന്മാർക്കും വിധവകൾക്കും പ്രതിമാസം 1,000 രൂപയുടെ പെൻഷൻ, നവജാത ശിശുക്കൾക്ക് സ്ഥിര നിക്ഷേപം, പൊലീസ് സേനയിൽ സ്ത്രീകൾക്ക് 25 ശതമാനം സംവരണം, സ്ത്രീകൾക്ക് മൂന്ന് എൽ.പി.ജി സിലിണ്ടറുകൾ സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

കോൺഗ്രസ് എന്നും സ്ത്രീകളെ രാഷ്ട്രീയമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും പ്രകടനപത്രികയിലൂടെ യു.പിയിലെ സ്ത്രീകളെ ശാക്തീകരിക്കാൻ ആഗ്രഹിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

Advertisement
Advertisement