'അഞ്ചുതെങ്ങ് ടൂറിസം' അവഗണനയുടെ പട്ടികയിൽ

Friday 10 December 2021 3:40 AM IST

കടയ്ക്കാവൂർ: വിനോദ സഞ്ചാരത്തിനായി സർക്കാർ കോടികൾ മുടക്കി വികസനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ചരിത്രപ്രാധാന്യത്താലും പ്രകൃതി സൗന്ദര്യത്താലും ദൈവത്തിന്റെ പ്രിയപ്പെട്ട നാടെന്ന് പറയപ്പെടുന്ന അഞ്ചുതെങ്ങ് ഗ്രാമത്തിന്റെ ടൂറിസം സാദ്ധ്യതകൾ ഇന്നും അവഗണനയിൽ. ഒട്ടനവധി ചരിത്ര പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച അഞ്ചുതെങ്ങ് ഗ്രാമമാണ് അധികൃതരുടെ അനാസ്ഥയിൽപ്പെട്ട് ഇന്നും വികസനം മുരടിച്ചുനിൽക്കുന്നത്.

അഞ്ചുതെങ്ങ് കോട്ട, മുതലപ്പൊഴി, ലൈറ്റ് ഹൗസ്, അറബിക്കടൽ, അഞ്ചുതെങ്ങ് കായൽ, ചരിത്രപ്രധാന ആരാധനാലയങ്ങൾ, സ്വദേശാഭിമാനി പത്രം, പൊന്നുംതുരുത്ത്, ആശാൻ സ്മാരകം, അഞ്ചുതെങ്ങ് കയർ തുടങ്ങി സമസ്ത മേഖലകളിലും ചരിത്രപ്രാധാന്യം കൊണ്ട് ഇടംനേടിയ അനുഗ്രഹീത നാടിനാണ് ഇന്നീ ദുരവസ്ഥ വന്നിരിക്കുന്നത്. ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ കോടികൾ വകയിരുത്തിയിട്ടുള്ള പല പദ്ധതികളും പ്രയോജനകരമല്ലാതെയോ എന്നെന്നേക്കുമായി മുടങ്ങിപ്പോകുകയോ ചെയ്തു. പ്രദേശത്തെ ടൂറിസം സാദ്ധ്യതകളുടെ വികസനത്തിനും പുരോഗതിക്കും ഏറെ ആവശ്യമായ അടിയന്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻപോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. എന്തിനേറെ, പ്രധാന കേന്ദ്രങ്ങളിൽ മനുഷ്യന്റെ പ്രാഥമിക ആവശ്യം നിറവേറ്റാൻ ഒരു ടോയ്‌ലെറ്റ് പോലുമില്ല.

Advertisement
Advertisement