ജീവിതം കരുപ്പിടിപ്പിച്ച സംഘബലം

Thursday 09 December 2021 9:44 PM IST
കുടുംബശ്രീയുടെ നേതൃത്വത്തിൽ ആദിവാസി സ്ത്രീകൾ നിർമ്മിച്ച കുടകൾ

കണ്ണൂർ: ജനാധിപത്യ കൂട്ടായ്മയിലൂടെ ആർജിച്ച സംഘബലമാണ് കുടുംബശ്രീയുടെ കരുത്ത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കുടുംബശ്രീയുടെ മുഖ്യസംഘാടകർ. സംസ്ഥാനത്താകമാനം വേരോട്ടമുള്ള ശക്തവും ബൃഹത്തായതുമായ ത്രിതല സംഘടനാ സംവിധാനമാണ് കുടുംബശ്രീക്ക് ഉള്ളത്. സമൂഹത്തിന്റെ ഏത് സൂക്ഷ്മതലങ്ങളിലേക്കും സ്വതന്ത്രമായി ഇടപെടാൻ കഴിയുന്ന ജനാധിപത്യ കൂട്ടായ്മകളാണ് കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ.

കുടുംബശ്രീയുടെ 25 വർഷത്തെ പ്രവർത്തനം സ്ത്രീശാക്തീകരണ രംഗത്തും സ്വയംസംരംഭകരംഗത്തും കേരള വികസന രംഗത്തും മാതൃകാപരമായ പങ്ക് വഹിക്കുന്നു. സംഘബലത്തിന്റെ കരുത്താണ് കുടുംബശ്രീ പോലുള്ള വനിതാ കൂട്ടായ്മകൾക്ക് കരുത്തായി മാറുന്നത്.കുടുംബശ്രീ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരു ജീവിതത്തിനാണ് 1998ൽ ഇ. കെ നായനാർ സർക്കാർ തുടക്കമിട്ടത്. ദരിദ്ര വനിതകളെ മുഖ്യധാരയിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണെങ്കിലും കുടുംബശ്രീ ഇന്ന് എല്ലാ സ്ത്രീകളും പ്രതിനിധാനംചെയ്യുന്ന ഒരു മഹാപ്രസ്ഥാനമായി മാറിയതും പെട്ടെന്നായിരുന്നു.

ഊ‌ർജ്ജം പകരാൻ ഓക്സിലറി ഗ്രൂപ്പുകളും

18നും 40നും ഇടയിൽ പ്രായമുള്ളവരിലേക്ക് കുടുംബശ്രീ പദ്ധതികളുടെ ഗുണഫലങ്ങൾ പൂർണതോതിലെത്തിക്കുകയെന്ന ദൗത്യവുമായി യുവതി ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചുതുടങ്ങിയത്.കുടുംബശ്രീയിൽ ഒരു കുടുംബത്തിലെ ഒരു വനിതയ്ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. പത്ത് വർഷത്തിന് മുകളിൽ പ്രവർത്തിച്ചുവരുന്ന ഒരു അയൽക്കൂട്ടത്തിലേക്ക് പുതിയ ഒരാൾ അംഗമാകുമ്പോൾ നിലവിലുള്ളവരുടെ നിക്ഷേപം വഴിയുള്ള സമ്പാദ്യവും പുതുതായി ചേരുന്നവരുടെ സമ്പാദ്യവും തമ്മിൽ വലിയ അന്തരമുണ്ടാകും. ഈ സാഹചര്യത്തിൽ യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും ഇവരെ പൊതുധാരയിൽ കൊണ്ടുവരുന്നതിനും അവർക്ക് വിവിധ തൊഴിൽ സാദ്ധ്യതകളെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുമുള്ള പൊതുവേദി സൃഷ്ടിക്കുകയെന്നത് അടിയന്തരപ്രാധാന്യമുള്ളതാണ്.

ദാരിദ്രനിരക്ക് 0.71ശതമാനം

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡപ്രകാരം കേരളത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നത് 0.71 ശതമാനം പേർ മാത്രമാണെന്നാണ് ബഹുമേഖലാ ദാരിദ്ര്യ സൂചിക കണ്ടെത്തിയത്. ബിഹാറിൽ 51.91 ശതമാനം, ജാർഖണ്ഡിൽ 42.16, ഉത്തർപ്രദേശിൽ 37.79 ശതമാനം പേർ വീതം ദാരിദ്ര്യത്തിലാണ്. വ്യക്തിപരമായ ദാരിദ്ര്യം, സംസ്ഥാനത്തെ പൊതുസ്ഥിതി എന്നിവ കൂട്ടിച്ചേർത്താണ് സൂചിക തയ്യാറാക്കിയത്.

ബാല–യുവ പ്രായത്തിലുള്ളവരുടെ മരണനിരക്ക്, ഗർഭിണികൾക്ക് ലഭിക്കുന്ന പരിചരണം, പോഷകാഹാര ലഭ്യത എന്നിവയാണ് ആരോഗ്യമേഖലാ മാനദണ്ഡങ്ങൾ. സ്‌കൂളുകളിലെ ഹാജർ നിലവാരം, സ്‌കൂളിൽ പോയി പഠിക്കുന്ന വർഷങ്ങൾ എന്നിവയാണ് വിദ്യാഭ്യാസമേഖലയിൽ പരിഗണിച്ചത്. പാചക ഇന്ധനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി, പാർപ്പിടം, ആസ്തി, ബാങ്ക് അക്കൗണ്ട് എന്നിവ കണക്കിലെടുത്താണ് ജീവിതനിലവാരം നിർണയിച്ചത്.


അവർക്കിത് സംരക്ഷണ കുട

കൊവിഡിലും ദുരിതങ്ങളുടെ പെരുമഴയിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ആദിവാസി വിഭാഗത്തിന് കുടുംബശ്രീ നൽകിയ ഊർജ്ജം ചില്ലറയൊന്നുമല്ല. ആറളം പട്ടികവർഗ്ഗ കോളനിയിലെ വനിതകളുടെ കുട നിർമ്മാണ യൂണിറ്റ് ഇക്കൂട്ടത്തിൽ ശ്രദ്ധേയ സംരംഭമാണ്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങൾ കഴിഞ്ഞുള്ള ബാക്കി സമയമാണ് കുടനിർമ്മാണത്തിലേക്ക് ഇവർ മാറ്റിവച്ചത്.

21തരത്തിൽപെട്ട 5000 കുടകളാണ് ഇവർ വിപണിയിലിറക്കിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വീടുകളിലാണ് കുടുനിർമ്മാണം . കുടുംബശ്രീയുടെ സ്പെഷ്യൽ പ്രൊജക്റ്റ്‌ ഓഫീസ് ജീവനക്കാരും അനിമേറ്റർമാരും കുടകൾ ശേഖരിച്ച് ഫാമിലെ ഓഫീസിൽ എത്തിച്ച് വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണിവിടെ. ( തുടരും)

Advertisement
Advertisement