75വർഷത്തെ ചരിത്ര ശേഷിപ്പ്; കണ്ണാടിപ്പറമ്പിലെ സർക്കാർ ആല

Thursday 09 December 2021 10:18 PM IST
നാറാത്ത് ഗ്രാമ പഞ്ചായത്ത് കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി. സ്കൂളിന് സമീപം നവീകരിച്ച സർക്കാർ ആല

കണ്ണാടിപ്പറമ്പ് : സർക്കാർ സ്കൂൾ, സർക്കാർ ആശുപത്രി എന്നിങ്ങനെ കേട്ടവർക്ക് സർക്കാർ ആലയെന്നു കേട്ടാൽ ആശ്ചര്യം തോന്നാം. എന്നാൽ എഴുപത്തിയഞ്ചു വർഷത്തെ ചരിത്ര ശേഷിപ്പായി നാറാത്ത് ഗ്രാമ പഞ്ചായത്തിൽ ഇന്നും ഒരു സർക്കാർ ആലയുണ്ട്. കണ്ണാടിപ്പറമ്പ് ദേശസേവാ സ്കൂളിന് സമീപം തലയെടുപ്പോടെയാണ് ഈ കെട്ടിടം നിൽക്കുന്നത്..

വില്ലേജ് - പഞ്ചായത്ത് സമ്പ്രദായം നിലനിന്നിരുന്ന കാലത്താണ് കണ്ണാടിപ്പറമ്പിൽ സർക്കാർ ആല ആരംഭിച്ചത്. അക്കാലത്ത് വീടിനോട് ചേർന്നുള്ള പൊലം കൃഷി (പറമ്പ് കൃഷി) സജീവമായിരുന്നു. അന്ന് കൃഷി നശിപ്പിക്കുന്ന കന്നുകാലികളെ സ്ഥലം ഉടമകൾ സർക്കാർ ആലയിൽ കൊണ്ടു കെട്ടുകയായിരുന്നു പതിവ്. ഉടമസ്ഥൻ വരുന്നതുവരെ പുല്ലും വെള്ളവും കൊടുക്കും. ഇങ്ങനെ കെട്ടുന്ന കന്നുകാലികളെ ഉടമസ്ഥന് നേരിട്ട് വന്ന് അഴിച്ചു കൊണ്ടു പോകുന്നതിന് അധികാരമില്ല .പകരം വില്ലേജ് - പഞ്ചായത്തിൽ കൃഷി നാശത്തിനുള്ള പിഴ, പലിശ സഹിതം അടക്കണം. സർക്കാർ ആലയുടെ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിന് 'പൗണ്ട് കീപ്പർ ' തസ്തികയും ഉണ്ടായിരുന്നു.

കാലപ്പഴക്കം ചെന്ന കെട്ടിടം സ്കൂൾ കുട്ടികൾക്ക് ഭീഷണിയായതോടെ പൊളിച്ച് മാറ്റാനും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നാവശ്യമുയർന്നിരുന്നു.എന്നാൽ പഞ്ചായത്ത് തല മേലുദ്യോഗസ്ഥരോട് ചർച്ച ചെയ്തപ്പോൾ നാറാത്ത് പഞ്ചായത്തിൽ തസ്തിക നിലനിൽക്കുന്നതിനാൽ കെട്ടിടം നില നിർത്താൻ തീരുമാനിക്കുകയായിരുന്നു.

കെട്ടിടം പഞ്ചായത്ത് 2018-2019 ധനകാര്യ വർഷം ഒരു ലക്ഷം രൂപ ചെലവിട്ട് സർക്കാർ ആലയെ സുന്ദരമാക്കി.

Advertisement
Advertisement