ഓപ്പറേഷൻ ഡെസിബൽ; 362 പേർ കുടുങ്ങി

Friday 10 December 2021 12:00 AM IST

ആലപ്പുഴ: ശബ്ദമലിനീകരണത്തിന് കാരണമാകുന്ന ഹോണുകൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ഡെസിബൽ ' സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിൽ 362 പേർ കുരുങ്ങി. അനുമതിയുള്ളതിലധികം ഡെസിബലുള്ള ഹോണുകൾ മുഴക്കുന്ന വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്. വാഹനങ്ങൾക്ക് 74 മുതൽ 80 ഡെസിബൽ വരെ മാത്രമേ ശബ്ദതീവ്രത പാടുള്ളൂ എന്ന നിയമം നിലനിൽക്കേയാണ് 120 ഡെസിബൽ വരെയുള്ള ഹോണുകൾ ഉപയോഗിക്കുന്നത്. നിയമലംഘകർക്ക് 2000 രൂപ വീതമാണ് പിഴ. എയർ ഹോണുകൾ ഉപയോഗിച്ച വാഹനങ്ങളിൽ നിന്ന് അവ നീക്കം ചെയ്യിച്ചു. സൈലൻസറിൽ മാറ്റങ്ങൾ വരുത്തിയവർക്കും നിയമപരമായി അവ പുനഃസ്ഥാപിക്കേണ്ടിവന്നു. ആർ.ടി.ഒമാരുടെ നേതൃത്വത്തിൽ ദേശീയപാത, ബസ് സ്റ്റാൻഡുകൾ, പ്രധാന ജംഗ്ഷനുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എൻഫോർസ്‌മെന്റ് ആർ.ടി.ഒ പി.ആർ. സുമേഷ്, ആർ.ടി.ഒ ജി.എസ്. സജി പ്രസാദ് എന്നിവരാണ് ജില്ലയിൽ നേതൃത്വം നൽകിയത്.

കേസുകൾ

ആർ.ടി.ഒ ആലപ്പുഴ - 32

എൻഫോഴ്സ്‌മെന്റ് ആലപ്പുഴ - 202

കായംകുളം - 37

ചെങ്ങന്നൂർ - 52

മാവേലിക്കര - 18

ചേർത്തല - 17

കുട്ടനാട് - 4

ആകെ - 362

""

ആദ്യഘട്ടമെന്ന നിലയിൽ രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവാണ് നടത്തിയത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും.

ജി.എസ്. സജിപ്രസാദ്,

ആർ.ടി.ഒ, ആലപ്പുഴ

Advertisement
Advertisement