കൗമാരക്കാർക്കിടയിൽ പുകവലി നിരോധിക്കാനൊരുങ്ങി ന്യൂസിലാൻഡ്

Friday 10 December 2021 12:53 AM IST

വെല്ലിംഗ്ടൺ: ആരോഗ്യമുള്ള വരുംതലമുറയെ വാർത്തെടുക്കാനായി രാജ്യത്ത് ഘട്ടം ഘട്ടമായി പുകവലി നിരോധനം നടപ്പിലാക്കാനൊരുങ്ങി ന്യൂസിലാൻഡ് ഭരണകൂടം. സർക്കാർ കൊണ്ടു വന്ന പുതിയ ബിൽ അനുസരിച്ച് രാജ്യത്ത് 2008 ന് ശേഷം ജനിച്ചവർക്ക് സിഗററ്റോ പുകയില ഉത്പ്പന്നങ്ങളോ വാങ്ങാൻ അനുമതിയുണ്ടാവില്ല. ഇതോടെ നിലവിൽ 14 വയസും അതിൽ താഴെ പ്രായമുള്ളവരും പുകവലിക്ക് ആജീവനാന്ത വിലക്ക് നേരിടും.

ഇന്നലെ പ്രഖ്യാപിച്ച പുതിയ ബിൽ അടുത്ത വർഷത്തോടെ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ പുകയില ഉത്പ്പന്നങ്ങളിൽ നിക്കോട്ടിന്റെ അളവ് നിശ്ചിത അളവിൽ കൂടാൻ പാടില്ലെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. 2025 ഓടെ രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണം ജനസംഖ്യയുടെ അഞ്ചുശതമാനത്തിൽ താഴെ എത്തിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കു കൂട്ടൽ. അടുത്ത 65 വർഷം കൊണ്ട് പുകവലിക്കുന്നതിനുള്ള പ്രായപരിധി 80 ആക്കി നിയമം പൂർണതോതിൽ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുകയില ഉത്പ്പന്നങ്ങൾ നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തെ രാജ്യത്തെ ആരോഗ്യവിദഗ്ദർ സ്വാഗതം ചെയ്തു.

നിലവിൽ ന്യൂസിലാൻഡിൽ സിഗററ്റ് വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 ആണ്. പുകയില ഉൽപന്നങ്ങളുടെ നിയന്ത്രണങ്ങളുടെ ഭാഗമായി സൂപ്പർമാർക്കറ്റുകളിലും മറ്റ് കടകളിലും സിഗരറ്റ് വിൽക്കുന്നതിന് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 15 വയസിന് മുകളിലുള്ളവരിൽ പുകവലിക്കുന്നവർ 11.6 ശതമാനവും പുകവലി മൂലമുള്ള അസുഖങ്ങൾ കാരണമുള്ള മരണ നിരക്ക് 31 ശതമാനമാണ്.

Advertisement
Advertisement