ഒമിക്രോണിനെതിരെ മൂന്ന് ഡോസ് ഫൈസർ വാക്സിൻ ഫലപ്രദമെന്ന്

Friday 10 December 2021 1:42 AM IST

വാഷിംഗ്ടൺ : ലോകരാജ്യങ്ങളിൽ അതിവേഗം പടർന്ന് പിടിക്കുന്ന ഒമിക്രോൺ വകഭേദത്തിനെതിരെ ഫൈസർ വാക്സിന്റെ മൂന്ന് ഡോസുകൾ ഫലപ്രദമാണെന്ന് അവകാശപ്പെട്ട് ഫൈസറും ബയോഎൻടെക്കും രംഗത്ത്. ഒമിക്രോൺ വൈറസിൽ നിന്ന് രക്ഷ നേടാൻ ഫൈസറിന്റെ രണ്ട് ഡോസ് മതിയാകില്ലെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു. ഒമിക്രോണിന്റെ മ്യൂട്ടേഷനുകൾ ടി സെല്ലുകളെ കാര്യമായി ബാധിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വാക്സിനുകൾ ആന്റിബോഡികളേക്കാൾ കൂടുതൽ രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്നുവെന്ന് കണ്ടെത്താനായെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഫൈസറിന്റെ മൂന്നാം ഡോസിന് ഒമിക്രോൺ വൈറസ് ബാധയിൽ നിന്ന് സംരക്ഷണം നൽകാൻ കഴിയുമെന്ന് ബയോഎൻടെക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. ഉഗുർ സാഹിൻ പറഞ്ഞു.

അതേ സമയം നിലവിൽ അറുപതിലധികം ലോകരാജ്യങ്ങളിലാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാവിയിൽ ഒമിക്രോൺ വകഭേദത്തിനെതിരെ വാക്സിന്റെ മറ്റൊരു പതിപ്പ് ആവശ്യമായി വന്നാൽ 95 ദിവസത്തിനുള്ളിൽ ഫൈസർ അത് ഉത്പാദിപ്പിക്കുമെന്ന് ഫൈസർ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. ആൽബർട്ട് ബൗർല പറഞ്ഞു.

അതേ സമയം ഒമിക്രോണിനെതിരെ കൊവിഡ് ബൂസ്റ്റർ ഡോസുകൾ ആവശ്യമാണോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.വ്യക്തമായ ശാസ്ത്രീയ അടിത്തറയില്ലാതെ സമ്പന്ന രാജ്യങ്ങൾ പുതിയ വൈറസ് വകഭേദങ്ങളിൽ നിന്ന് രക്ഷ നേടാൻ കൂടുതൽ വാക്സിനുകൾ വാങ്ങിക്കൂട്ടുന്നത് ലോകരാജ്യങ്ങൾ തമ്മിലുള്ള വാക്സിൻ അസമത്വം രൂക്ഷമാകാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് സംഘടന മുന്നറിയിപ്പ് നല്കി.

12 വയസിന് താഴെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ : കുവൈറ്റ്

അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികൾക്കുള്ള വാക്സിനുകൾ ജനുവരി അവസാനം രാജ്യത്ത് എത്തുമെന്നും രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് എത്രയും വേഗം വാക്സിൻ നല്കുമെന്നും അധികൃതർ അറിയിച്ചു. മുതിർന്നവർക്ക് നല്കുന്നതിന്റെ മൂന്നിലൊന്നു ഡോസിലാണ് കുട്ടികൾക്ക് നല്കുന്നത്. പന്ത്രണ്ട് വയസിനു മുകളിലുള്ള കുട്ടികൾക്ക് നേരത്തെ തന്നെ വാക്സിൻ നല്കിത്തുടങ്ങിയിട്ടുണ്ട്.

Advertisement
Advertisement