നല്ല വാക്ക് പറയാൻ ഒരവസരം കൊടുത്തുകൂടേ ?

Saturday 11 December 2021 12:00 AM IST

അടുത്തിടെ ചില പൊലീസുദ്യോഗസ്ഥരുടെ ഔദ്ധത്യപൂർണവും നിരുത്തരവാദപരവുമായ പെരുമാറ്റത്തെപ്പറ്റി ബഹുമാനപ്പെട്ട ഹൈക്കോടതി ഒന്നിലേറെ സന്ദർഭങ്ങളിൽ അസംതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ ഡി.ജി.പിയുടെ തലത്തിൽ തിരുത്തൽ നിർദ്ദേശങ്ങൾ കൃത്യമായി പുറപ്പെടുവിക്കാറുണ്ട്. പലപ്പോഴും നടപടി എടുക്കാറുമുണ്ട്. എന്നാൽ ശീലക്കേടുകൾ ആവർത്തിക്കപ്പെടുന്നു. പൊലീസ് സേനയിൽ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥർക്കിടയിലും നിലനില്‌ക്കുന്ന സഹായകമല്ലാത്ത പെരുമാറ്റത്തെ മുഖ്യമന്ത്രിയും ഏതാനും ദിവസം മുമ്പ് അപലപിക്കുകയുണ്ടായി.

ജനോപകാരപ്രദമായ നിലപാടുകൾ കൈക്കൊള്ളാൻ സർക്കാർ ജീവനക്കാർ ശ്രദ്ധിക്കണമെന്ന് സമൂഹവും സർക്കാരും ആഗ്രഹിക്കുന്നു. നന്നായി പെരുമാറുകയും കാര്യക്ഷമതയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന അനേകം ജീവനക്കാർ ഓരോ ഓഫീസിലുമുണ്ടെന്ന പരമാർത്ഥം അംഗീകരിക്കണം. എങ്കിലും പ്രതിലോമ മനോഭാവങ്ങളും ശീലക്കേടുകളും ഇപ്പോഴും വിരളമല്ല. സാധാരണ ജനങ്ങളോട് മര്യാദയോടെയും സഹായസന്നദ്ധതയോടെയും പരസ്പര ബഹുമാനത്തോടെയും സൗമ്യതയോടെയും പെരുമാറുന്നതിന് വിഘ്നം തീർക്കുന്നത് എന്താണ് ? സർക്കാരിന്റെ അധികാരം ഉപയോഗിക്കുന്നതിനുള്ള അർഹത (അവസരം) കൈവന്നു കഴിയുമ്പോൾ ഈ മൂർഖത്വം എവിടെനിന്ന് വരുന്നു? ഓഫീസിലെത്തുന്ന സാധാരണക്കാരെ മുകളിൽ നിന്ന് താഴേക്കു നോക്കാൻ പ്രേരിപ്പിക്കുന്ന വികാരം എന്താണ്? അന്യഥാ സൽസ്വഭാവികളും സൗമ്യരുമായവർ പോലും വിശദീകരിക്കാൻ കഴിയാത്ത ഏതോ പരിണാമത്തിനു വിധേയരായത് പോലെ പെരുമാറുന്നു.

പൊലീസിലായാലും മറ്റു ഓഫീസുകളിലായാലും സർക്കാർ ജീവനക്കാർക്ക് ഈ അപകടം പിണയാതിരിക്കാൻ എന്ത് ചെയ്യാം? സാധാരണക്കാരായ സന്ദർശകരോട്, (ഈ ജോലിയില്ലെങ്കിൽ അവരിലൊരാളായ സർക്കാർ ജീവനക്കാരൻ) അന്യനെപ്പോലെയും അധികാരിയെപ്പോലെയും പെരുമാറുന്നു. ആവശ്യക്കാരന്റെ അവകാശത്തേക്കാൾ തന്റെ സൗകര്യവും
സ്ഥാനവുമാണ് പ്രധാനമെന്ന വിചാരം കീഴടക്കുമ്പോഴാണ് പെരുമാറ്റം
വികലമാവാൻ തുടങ്ങുക. ഇന്നലെവരെ തൊഴിൽരഹിതനായി നടന്നയാൾ ജോലി കിട്ടിക്കഴിയുന്നതോടെ മറ്റൊരാളായി മാറുന്നു. ഓഫീസിലെത്തുന്ന ജനങ്ങൾക്ക് കൃത്യമായി മറുപടി കൊടുക്കുന്നതിൽ അയാൾ ഉദാസീനനായിത്തീരുന്നു. എത്രയും പെട്ടെന്ന് അർഹതപ്പെട്ട സേവനം എത്തിച്ചു കൊടുക്കാനുള്ള താത്‌പര്യം മറഞ്ഞു പോകുന്നു. ചട്ടങ്ങളുടെ ദുർവ്യാഖ്യാനം കൊണ്ടും അനാവശ്യ സംശയങ്ങൾ ഉന്നയിക്കാനുള്ള വാസന കൊണ്ടും ജനങ്ങളെ വട്ടംകറക്കാനുള്ള കലയിൽ അയാൾ വൈദഗ്ദ്ധ്യം നേടുന്നു. സൗമ്യഭാഷ നഷ്ടമാവുന്നു. പറഞ്ഞത് മനസിലായില്ലേ ? മലയാളത്തിലല്ലേ പറഞ്ഞത്? എന്നിത്യാദി വായ്‌ത്താരികൾ അയാൾ സ്വന്തമാക്കുന്നു. ഈ സ്വഭാവവൈകല്യത്തെ താഴെപ്പറയുന്ന ചില അടിസ്ഥാന (മൂഢ) വിശ്വാസങ്ങളായി സംക്ഷേപിക്കാം. ഒന്ന് : ഓരോരുത്തരെ സഹായിച്ചു വെറുതെ പുലിവാല് പിടിക്കണ്ട . 'നോ' എഴുതിയാൽ കുഴപ്പമില്ലോ. രണ്ട് : പെറ്റീഷൻ കിട്ടിയാൽ നാളെത്തന്നെ നടപടിയെടുക്കേണ്ട കാര്യമൊന്നുമില്ല; ഇത് സർക്കാരാഫീസാണ്. മൂന്ന്: പെറ്റീഷനിൽ പറയുന്നത് അപ്പടി കള്ളമായിരിക്കും; പരിശോധിക്കാതെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. നാല്: പരിശോധിക്കാൻ എപ്പോൾ വരും?' അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. അഞ്ച്: എന്തുകൊണ്ടാണ് സാറേ എന്റെ അപേക്ഷ നിരസിച്ചത് ? കാരണം ബോദ്ധ്യപ്പെടുത്താനൊന്നും ഞങ്ങൾക്ക് ബാദ്ധ്യതയില്ല. ഈ വിശ്വാസങ്ങളെല്ലാം അബദ്ധമാണെന്ന് എടുത്തു പറയേണ്ടതില്ല. അർഹതപ്പെട്ട ഒരാളുടെ അപേക്ഷ അകാരണമായി നിരസിച്ചാൽ അതെങ്ങനെ ന്യായീകരിക്കാനാവും? ജനങ്ങൾക്ക് അർഹമായ സേവനങ്ങൾ നിഷേധിക്കാനായി സർക്കാർ എന്തിനാണ് ശമ്പളവും ആനുകൂല്യങ്ങളും നല്‌കുന്നത് ? തനിക്ക് അർഹതപ്പെട്ട ആനുകൂല്യമോ വേതനക്കുടിശ്ശികയോ ഒരു കാരണവുമില്ലാതെ നിഷേധിച്ചാൽ അതിലെ അന്യായം ഒരു ജീവനക്കാരനും സഹിക്കുകയില്ലല്ലോ. അപ്പോൾ ഓഫീസിലെത്തിയ പാവപ്പെട്ട ഒരാളുടെ ആനുകൂല്യം വൈകിക്കുന്നതും ഒടുവിൽ യാതൊരു നീതീകരണവുമില്ലാതെ, ഔദ്ധത്യത്തോടെ അത് നിഷേധിക്കുന്നതും വലിയ അനീതിയല്ലേ?

സാധാരണക്കാരന്റെ സമയത്തിന് വില കല്‌പിക്കാത്തിടത്തോളം സർക്കാർ
ഓഫീസുകളിൽ കാലതാമസം ഒരു തുടർക്കഥയാവും. നമ്മുടെ സമയത്തതിനേ വിലയുള്ളൂ എന്ന മൂഢവിചാരത്തിന്റെ നീരാളിപ്പിടിത്തത്തിൽ പെട്ട്‌ പോകാതിരിക്കണമെങ്കിൽ മനുഷ്യത്വമാണ് ആവശ്യം.. മുന്നിൽവന്ന് നില്‌ക്കുന്ന ആൾ തിരികെ ചെല്ലുന്നതും കാത്ത് വീട്ടിൽ രോഗികളോ നിസഹായരോ ആയ ആരൊക്കെയോ ഉണ്ടെന്നും അയാളുടെ ഒരു ദിവസം നമ്മുടെ ഉദാസീന മനോഭാവം കൊണ്ട് നഷ്ടപ്പെടുത്തിയാൽ അതിന്റെ ആഘാതം അനുഭവിക്കുന്നത് വീട്ടിലെ നിസഹായരായിരിക്കും എന്നും സങ്കല്‌‌പിക്കാൻ ഒരു പ്രയാസവുമില്ല. പെറ്റീഷനിലെ അവകാശവാദങ്ങൾ കപടമായിരിക്കുമെന്ന
വിചാരം കൊണ്ട് നയിക്കപ്പെടുമ്പോൾ, കപടമില്ലാത്ത തൊണ്ണൂറ്റിഒൻപതു ശതമാനം അപേക്ഷരാണ് ശിക്ഷിക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുന്നത്. പരിശോധന വേണ്ടെന്നല്ല; എത്ര പെട്ടെന്ന് എന്നതാണ് പ്രശ്നം. അവിടെയും സന്ദർശകന്റെ സമയത്തിന് കല്‌‌പിക്കുന്ന വിലയാണ് നിർണായകം. ആ സമയത്തിന് വിലയുണ്ടെങ്കിൽ പരിശോധന തീയതി കൃത്യമായി പറയാൻ മടിയുണ്ടാവില്ല. അപേക്ഷകന് കാര്യങ്ങളും കാരണങ്ങളും അറിയാൻ അർഹതയുണ്ടെന്ന തിരിച്ചറിവു മാത്രം മതി, സർക്കാർ ജീവനക്കാരുടെ പെരുമാറ്റത്തിൽ മാറ്റം വരാൻ. ആ തിരിച്ചറിവുണ്ടാകണമെങ്കിൽ തങ്ങൾ രാവിലെ ഓഫീസിലെത്തുന്നത് ആർക്കു വേണ്ടിയാണെന്ന ചോദ്യത്തിന് ഓഫീസ് ജീവനക്കാരും ഓഫീസർമാരും സ്വയം ഉത്തരം കണ്ടെത്തണം. 'തനിക്കും തന്റെ കുടുംബത്തിനും സുഖമായി ജീവിക്കാൻ' എന്നാണുത്തരമെങ്കിൽ, അതിനു സർക്കാർ എന്തിനാണ് നികുതി പിരിച്ചു ശമ്പളം തരുന്നതെന്ന തുടർചോദ്യം കൂടി ഉടനെ സ്വയം ചോദിക്കണം.

വാസ്തവത്തിൽ 'താനാരാണ് ', 'എങ്ങനെയുള്ള ജീവനക്കാരനാണ് ' എന്നീ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഏറെ പ്രധാനം. ' ഞാൻ ആരെയും സഹായിക്കാത്ത സർക്കാർ ജീവനക്കാരനാണ്; ഞാനൊരു അഹങ്കാരിയാണ് ' എന്ന് തന്നെക്കുറിച്ചു ജനങ്ങൾ പറയണമെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? എല്ലാവരും തന്നെക്കുറിച്ച് നല്ലതു പറയണമെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ? എന്നിട്ടും പ്രശംസിക്കാനും സ്‌നേഹിക്കാനും അംഗീകരിക്കാനും ആളുകൾക്ക് അവസരം കൊടുക്കാത്ത പ്രവൃത്തികളും ശീലങ്ങളും പലരും ഉപേക്ഷിക്കുന്നില്ല. ഇതാവുമോ വേദാന്തികൾ പറയുന്ന മായ? അരുതാത്തതാണെന്നറിയാം; എങ്കിലും അതേ മനോഭാവങ്ങൾ തന്നെ അവരെ നിയന്ത്രിക്കുന്നു. താൻപോരിമ എന്ന കാനൽജലം തേടി ഓടുന്നവർ എവിടെയും എത്തിച്ചേരുന്നില്ലല്ലോ. തേടിയത് കാനൽജലമായിരുന്നു എന്ന്
മനസിലാകുമ്പോഴേക്കും റിട്ടയർമെന്റ് എന്ന അനിവാര്യ വിരാമം നേർത്ത
പരിഹാസച്ചിരിയോടെ കാത്തുനില്‌ക്കുന്നുണ്ടാവും. അധികാരം നഷ്ടപ്പെട്ടു
കഴിയുന്നതോടെ, സമൂഹത്തിനു പലപ്പോഴായി എന്ത് കൊടുത്തുവോ
അവയെല്ലാം കൃത്യമായി തിരിച്ചുവരികയും ചെയ്യുമല്ലോ.

Advertisement
Advertisement