കർഷക സമരം അവസാനിക്കുമ്പോൾ

Saturday 11 December 2021 12:00 AM IST

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമായും കർഷകസമരം തുടങ്ങിയത്. ഒരു വർഷത്തിലേറെ നീണ്ട സമരം അവസാനിച്ചപ്പോൾ കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനു പുറമെ, ഉന്നയിച്ച മറ്റാവശ്യങ്ങളും കേന്ദ്ര സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ സമരക്കാർക്ക് കഴിഞ്ഞു. ഡൽഹിയുടെ അതിർത്തിയിൽ നിന്നും വിജയാരവങ്ങളോടെയാണ് അവർ മടങ്ങുന്നത്.

കൃഷിമന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ ഒപ്പിട്ട കേന്ദ്രത്തിന്റെ ഉറപ്പുകൾ അടങ്ങുന്ന കത്ത് ലഭിച്ചതിന് ശേഷമാണ് സംയുക്ത കിസാൻ മോർച്ച സമരം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയത്. കർഷകർ ഉന്നയിച്ച ആറ് ആവശ്യങ്ങളിൽ അഞ്ചും കേന്ദ്രം അംഗീകരിച്ചു. ശനിയാഴ്ച കർഷകദിനമായി ആചരിച്ച് അന്നുതന്നെ മടങ്ങാനാണ് അവരുടെ തീരുമാനം. കേന്ദ്രം വാക്കുപാലിച്ചില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങുമെന്ന സൂചനയും അവർ നല്‌കിയിട്ടുണ്ട്.

ആധുനിക കാലത്ത് അവകാശ സമരങ്ങൾ വിജയിക്കാൻ പ്രയാസമാണ്. സമരം നടത്തുമ്പോൾ സ്വാഭാവികമായും വരുമാനം നഷ്ടപ്പെടും. വരുമാനം നഷ്ടപ്പെടുത്തി ദീർഘകാലം സമരം തുടരാൻ വലിയ ട്രേഡ് യൂണിയനുകൾക്ക് പോലും ഇപ്പോൾ സാധിക്കാറില്ല. ഈ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയില്ലാതെ കർഷകർ സമരം വിജയിപ്പിച്ചതിനെ ഐതിഹാസികം എന്നുതന്നെ വിശേഷിപ്പിക്കാം.

ഇന്ത്യ ഏറ്റവും ദുർഘടമായ പ്രതിസന്ധിയിലൂടെ കടന്നുപോയ ഘട്ടത്തിലാണ് സമരം തുടങ്ങിയത്. ഒരു വശത്ത് കൊവിഡിന്റെയും മറുവശത്ത് അതിർത്തി സംഘർഷങ്ങളുടെയും ഇടയിൽപ്പെട്ട് ഇന്ത്യ അത്യധികം സമ്മർദ്ദം അനുഭവിച്ച നാളുകളിൽ തുടങ്ങിയ സമരം പലരുടെയും നെറ്റിചുളിപ്പിച്ചിരുന്നു. എന്നാൽ പിന്മാറാൻ തയ്യാറാകാതെ കർഷകർ സമരത്തിൽ ഉറച്ചുനിന്നപ്പോൾ അവരുടെ പ്രശ്നങ്ങൾ ആഴത്തിലുള്ളതാണെന്നും അവ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നുമുള്ള അഭിപ്രായം പൊതുവെ ഉയർന്നു. അതിന്റെകൂടി ഫലമായാണ് കടുംപിടിത്തത്തിൽ നിന്ന് പിന്മാറി കർഷകരുടെ ആവശ്യങ്ങൾ കണക്കിലെടുക്കാൻ കേന്ദ്ര സർക്കാരും തയ്യാറായത്. ഇവിടെ ജയപരാജയങ്ങൾക്കപ്പുറം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു എന്നതിനാണ് ഉൗന്നൽ നൽകേണ്ടത്.

ഉത്പാദനച്ചെലവ് അടിസ്ഥാനമായുള്ള താങ്ങുവില ഉത്പന്നങ്ങൾക്ക് ലഭിക്കുകയും അതിന് നിയമപരമായ അടിസ്ഥാനം ഉറപ്പാക്കുകയും വേണമെന്നതാണ് കർഷകരുടെ ഏറ്റവും വലിയ ആവശ്യം. ഇക്കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഇത് നടപ്പാക്കാമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വിപണിവില ചാഞ്ചാട്ടമുള്ളതും താങ്ങുവില ഉറപ്പുള്ളതുമാണ്. പല സന്ദർഭങ്ങളിലും താങ്ങുവിലയിൽ താഴ്‌ത്തി കർഷകർക്ക് ഉത്‌പന്നങ്ങൾ വിൽക്കേണ്ടിവന്നിട്ടുണ്ട്. നിയമപരമായ പരിരക്ഷ ഇല്ലാത്തതിനാലാണിത്. അതേസമയം പ്രധാന ഉത്‌പന്നങ്ങൾക്ക് കേന്ദ്രം നൽകുന്ന സബ്‌സിഡിയുടെ ഭൂരിപക്ഷവും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായാണ് വിതരണം ചെയ്യുന്നത്. താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ വരുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലുള്ള കർഷകർക്കും ഗുണം ചെയ്യും. എന്നാൽ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകിയ മഹാരാഷ്ട്രയ്ക്ക് പിന്നീടത് പ്രായോഗികമല്ലെന്ന് കണ്ട് പിൻവലിക്കേണ്ടിവന്ന ചരിത്രവുമുണ്ട്. ഭക്ഷ്യസാധനങ്ങൾ ദീർഘകാലം കേടുകൂടാതെ ശേഖരിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനവും ഇതോടൊപ്പം നടക്കണം. കർഷക മേഖലയുടെ വളർച്ച രാജ്യപുരോഗതിക്ക് അനിവാര്യമാണ്. ഈ സമരത്തിന്റെ വിജയം കൂടുതൽ ആധുനികവും സാങ്കേതികത്തികവും ഉൾപ്പെട്ട കൃഷിരീതികൾ രാജ്യത്ത് ഉണ്ടായിവരാനും ഇടയാക്കാതിരിക്കില്ല.

Advertisement
Advertisement