ആ കടൽയുദ്ധത്തിന് അരനൂറ്റാണ്ട് ; ജീവൻ ബലികൊടുത്ത് അന്നൊരു ധീരനായകൻ

Friday 10 December 2021 10:54 PM IST

  • യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട ആദ്യത്തെ കപ്പൽ ഐ.എൻ.എസ്. ഖുക്രിയുടെ കഥ

തൃശൂർ: രാജ്യത്തിന്റെ അഭിമാനമായ സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്തിനും ഓഫീസർമാർക്കും അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ, മറ്റൊരു ധീരനായ ക്യാപ്റ്റന്റെയും ഓഫീസർമാരുടെയും വീരചരമത്തിന്റെ ഓർമ്മയിലാണ് സൈനികർ. ഇന്ത്യ - പാക് യുദ്ധത്തിലെ കുന്തമുനയായിരുന്ന ഐ.എൻ.എസ്. ഖുക്രി എന്ന ഇന്ത്യൻ മുങ്ങിക്കപ്പൽ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയതിന്റെ അമ്പതാം വർഷമാണ് ഡിസംബർ ഒൻപതിന് കടന്നുപോയത്. ആ യുദ്ധവിജയത്തിന്റെ സുവർണജൂബിലി രാജ്യം ആഘോഷിക്കേണ്ട സമയത്താണ് കൂനൂർ ഹെലികോപ്റ്റർ ദുരന്തം കണ്ണീർ വീഴ്ത്തുന്നത്.

കീഴടങ്ങാൻ അവസരം ലഭിച്ചെങ്കിലും പോരാടി വീരചരമം അടയാൻ തീരുമാനിക്കുകയും തന്റെ ജീവൻരക്ഷാ ഉപകരണങ്ങൾ ജൂനിയർ ഓഫീസർക്കായി നൽകുകയും ചെയ്ത സൈന്യാധിപനുണ്ടായിരുന്നു അന്ന് ഖുക്രിയിൽ, കമാൻഡിംഗ് ഓഫീസറായിരുന്ന ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുള്ള!. തലയിൽ നിന്ന് രക്തമൊഴുകുമ്പോഴും കപ്പലിനടിയിലെ അറകളിൽ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങി, സ്വന്തം ജീവൻ നഷ്ടപ്പെട്ടാലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കണമെന്ന നിശ്ചയദാർഢ്യത്തോടെ കപ്പലിൽ ഓടിനടന്ന ധീരയോദ്ധാവ്. കപ്പലിനൊപ്പം സ്വന്തം ജീവനും കടലിന് സമർപ്പിച്ച ഇന്ത്യയിലെ ആദ്യ ക്യാപ്റ്റനായിരുന്നു കാശ്മീരി കുടുംബത്തിൽ ജനിച്ച മുള്ള. 45 ാം വയസിൽ സ്വയം സമർപ്പിച്ച അദ്ദേഹത്തിന്റെ ധീരതയെ മഹാവീരചക്ര നൽകിയാണ് രാജ്യം ആദരിച്ചത്. കപ്പലിലെ അവസാനത്തെ ആളെയും രക്ഷിച്ചുവേണം സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കേണ്ടത് എന്ന സൈന്യാധിപന്റെ ദൗത്യമായിരുന്നു നിറവേറ്റിയത്.

ടോർപിഡോ അറ്റാക്ക്

ബംഗ്ലാദേശ് വിമോചന സമരവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നായിരുന്നു യുദ്ധം. പാക് സൈന്യത്തിന്റെ ടോർപ്പിഡോ കപ്പലിൽ പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. യുദ്ധത്തിനൊടുവിലായിരുന്നു ബംഗ്ലാദേശിന്റെ വിമോചനം. 1971 ഡിസംബർ 9ന് ഗുജറാത്തിലെ ഡ്യൂവിൽ നിന്ന് നാൽപ്പത് നോട്ടിക്കൽ മൈൽ അകലെ മുങ്ങിമരിച്ചത് 18 ഓഫീസർമാർ അടക്കം 195 പേരായിരുന്നു. 48 മണിക്കൂറിനുള്ളിൽ കറാച്ചി തുറമുഖം കീഴടക്കിയാണ് ഇന്ത്യൻ സേന, മുള്ളയുടെയും സഹപ്രവർത്തകരുടെയും ജീവത്യാഗത്തിന് മറുപടി കൊടുത്തത്.

കടലാഴങ്ങളിൽ മലയാളികളും

തൃശൂരുകാരായ തോട്ടുപുര സിദ്ധാർത്ഥൻ, എം.കെ. വിജയൻ, ടി.ആർ. രാജു, വി. വേണുഗോപാൽ, പി.എൽ. ദേവസി തുടങ്ങിയ മലയാളികൾ അന്ന് ക്യാപ്റ്റനൊപ്പം മുങ്ങിമരിച്ചു. രക്ഷപ്പെട്ട ആറ് മലയാളികൾ പത്തനംതിട്ട ജില്ലക്കാരായിരുന്നു. മുങ്ങിത്താഴ്ന്നവരെ ഐ.എൻ.എസ്. കൃപാൺ, ഐ.എൻ.എസ്. കച്ചൽ എന്നീ കപ്പലുകളെത്തിച്ചാണ് രക്ഷപ്പെടുത്തിയത്.

കപ്പലിൽ നിന്ന് രക്ഷപ്പെട്ട ജീവത്യാഗം ചെയ്ത നാവികരുടെ കുടുംബങ്ങളെ ആദരിക്കാൻ അഞ്ച് വർഷം മുൻപ് വേദിയൊരുക്കി. യുദ്ധത്തെ ആസ്പദമാക്കി 'വീരനാവികപർവ്വം' എന്ന പേരിൽ തൃപ്രയാർ കളിമണ്ഡലം കഥകളിയും അവതരിപ്പിച്ചിരുന്നു. കപ്പലിൽ നിന്ന് രക്ഷപ്പെട്ട രാജശേഖരനും നാരായണമൂസതും അന്ന് അനുഭവം പങ്കിട്ടു.

സദു ഏങ്ങൂർ
ചെയർമാൻ
കളിമണ്ഡലം.

Advertisement
Advertisement