ഗവർണറുടെ മിന്നൽ നീക്കം: നിയമവിരുദ്ധ നിയമനം റദ്ദാക്കേണ്ടി വരും

Saturday 11 December 2021 12:13 AM IST

തിരുവനന്തപുരം: സർവകലാശാലകളിലെ വിനാശകരമായ രാഷ്ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാട്ടി അസാധാരണ നീക്കത്തിലൂടെ സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് ഗവർണർ. അദ്ദേഹം അരോപിച്ചതിനെല്ലാം സർക്കാരിന് മറുപടി പറയേണ്ടി വരും. നിയമവിരുദ്ധ നിയമനങ്ങൾ റദ്ദാക്കേണ്ടിയും വന്നേക്കാം. സംസ്കൃത സർവകലാശാലയിൽ ഏക പേരു നൽകി ഇഷ്ടക്കാരനെ വി.സിയാക്കാനുള്ള നീക്കവും ഉപേക്ഷിക്കേണ്ടി വരും.

സർവകലാശാലകളിലെ പരമാധികാരി ഗവർണറാണ്. സെനറ്റോ സിൻഡിക്കേറ്റോ വൈസ്ചാൻസലറോ എടുക്കുന്ന ഏത് തീരുമാനവും റദ്ദാക്കാനും സസ്പെൻഡ് ചെയ്യാനും പിരിച്ചുവിനും ചാൻസലർക്ക് അധികാരമുണ്ട്. സുതാര്യത ഉറപ്പാക്കാനാണ് ഇങ്ങനെയൊരു സംവിധാനം. ഗവർണർക്ക് വേണ്ടിയാണ് വി.സിമാർ ഭരണം നടത്തുന്നത്.

വകുപ്പുമന്ത്രി സർവകലാശാലകളുടെ പ്രോ ചാൻസലറാണെങ്കിലും യാതൊരു അധികാരവുമില്ല. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാം. സർവകലാശാലകളുടെ ഭരണനിർവഹണത്തിൽ ഇടപെടാൻ അധികാരമില്ല. ശുപാർശകളോ നടപടികളോ പറ്റില്ല. ഇതൊന്നും ഇപ്പോൾ പാലിക്കപ്പെടാറില്ല. സർവകലാശാലകളുടെ ഭരണനിർവഹണ ഉത്തരവുകൾ പോലും വകുപ്പുകളാണ് പുറപ്പെടുവിക്കുന്നത്.

സിൻഡിക്കേറ്ര് തീരുമാനങ്ങൾ വി.സി ഒപ്പിട്ടാലേ പ്രാബല്യത്തിലാവൂ. എന്നാൽ വി.സിക്ക് എതിർപ്പുണ്ടെങ്കിൽ ചാൻസലർക്ക് അയയ്ക്കാം. മാറ്റിവയ്ക്കാനും തിരിച്ചയയ്ക്കാനും അധികാരമുണ്ട്. മാറ്റിവച്ചാൽ പിന്നെ ആ ഫയൽ പുറംലോകം കാണില്ല. കഴിഞ്ഞ സർക്കാരിലെ ഒരു മന്ത്രി നിയമനശുപാർശയുമായി വി.സിയുടെ വീട്ടിലെത്തിയിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല.

ഗവർണർ ഇടഞ്ഞ സംഭവങ്ങൾ

 സംസ്ഥാന ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ തുറന്നടിച്ചിരുന്നു. താൻ റബർ സ്റ്റാമ്പല്ലെന്നും ചിലർ നിയമത്തിന് അതീതരാണന്ന് വിചാരിക്കുന്നെന്നും സർക്കാരിനെ വിമർശിച്ചു

 വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചു. നിയമസഭ ചേരാനിരിക്കെ എന്തിനാണ് ഓർഡിനൻസെന്നും വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു. തദ്ദേശമന്ത്രി രണ്ടുവട്ടം രാജ്ഭവനിലെത്തി വിശദീകരിച്ചശേഷവും ഒപ്പിട്ടില്ല. പിന്നീട് മന്ത്രിസഭായോഗം ഓർഡിനൻസ് വേണ്ടെന്നുവച്ചു

 കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭാസമ്മേളനം ചേരാനുള്ള സർക്കാരിന്റെ ആവശ്യം ഗവർണർ തള്ളിയിരുന്നു. അടിയന്തരമായി സഭ വിളിക്കാനുള്ള കാരണം ചോദിച്ച ഗവർണർ സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി

 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി, സ്ത്രീസുരക്ഷിത കേരളത്തിനായി ഗവർണർ കഴിഞ്ഞ ജൂലായിൽ ഉപവസിച്ചു. ഗവർണർക്ക് ഉപവസിക്കേണ്ടി വന്നത് ക്രമസമാധാനനിലയുടെ തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു

 പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം പാസാക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഗവർണറാണെന്നും തനിക്കെതിരെ പരാതിയുള്ളവർക്ക് രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവർണർ

Advertisement
Advertisement