അച്ഛനെയും അമ്മയേയും യാത്രയാക്കി കൃതികയും തരിണിയും

Saturday 11 December 2021 12:09 AM IST

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും പൂർണ ആദരവോടെ രാജ്യം വിടചൊല്ലുമ്പോൾ എല്ലാ കണ്ണുകൾക്കും നൊമ്പരക്കാഴ്ചയായിരുന്നു കൃതികയും തരിണിയും. ബിപിൻ റാവത്ത് - മധുലിക ദമ്പതികളുടെ പെൺമക്കൾ.

ഇന്ത്യൻ ജനതയുടെ മുഴുവൻ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങി അച്ഛനും അമ്മയും അവസാന യാത്രയാകുമ്പോൾ ഹൃദയത്തിൽ ആയിരം മുള്ളുകൾ തറയ്ക്കുന്ന വേദനയിലും ഈ പെൺമക്കൾ തളർന്നില്ല.

ഇന്ത്യയുടെ ഏറ്റവും ഉന്നത സൈനിക പദവി അലങ്കരിച്ചിരുന്ന അച്ഛന്റെ രാജ്യസ്നേഹത്തിൽ പൊതിഞ്ഞ ധൈര്യം ഇരുവരുടെയും മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. ആ കരുത്തിലാണ് ഇന്നലെ ബ്രാ‌ർ ശ്മശാനത്തിൽ മാതാപിതാക്കളുടെ ചിതയ്‌ക്ക് ഇരുവരും തീ കൊളുത്തിയത്. അപ്രതീക്ഷിതമായി അച്‌ഛനേയും അമ്മയേയും ഒരേ ദിവസം നഷ്ടപ്പെട്ട ആഘാതം അതിജീവിക്കാൻ കൃതികയ്ക്കും തരിണിയ്ക്കുമൊപ്പം ഇന്ത്യയുടെ മുഴുവൻ പ്രാർത്ഥനയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹി പാലം വ്യോമത്താവളത്തിൽ ദേശീയ പതാക പുതപ്പിച്ച മൃതദേഹ പേടകങ്ങൾക്കു മുന്നിൽ ഇരുവരും ആദരാഞ്ജലി അർപ്പിച്ചപ്പോൾ ഇന്ത്യൻ ജനതയും വിതുമ്പി. നിറകണ്ണുകളോടെ മൗനമായി നിന്ന ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ആശ്വസിപ്പിച്ചിരുന്നു.

ബിപിൻ റാവത്തിന്റെയും മധുലികയുടെയും ഭൗതികദേഹങ്ങളിൽ പനിനീർപ്പൂക്കൾ അർപ്പിച്ച് അന്തിമോപചാരമർപ്പിക്കാൻ കൃതികയുടെ മകനുമുണ്ടായിരുന്നു. ഡൽഹിയിലെ കാംരാജ് മാർഗിലുള്ള ഔദ്യോഗിക വസതിയിലെ പൊതുദർശനം മുതൽ ഇന്നലെ ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ സംസ്കാരച്ചടങ്ങുകളിൽ വരെ നിറകണ്ണുകളോടെ ശാന്തരായി കൃതികയും തരിണിയും നിലകൊണ്ടു. ധീരപോരാളിയായ പിതാവിന്റെയും സാമൂഹ്യപ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവച്ച അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ വഹിച്ചിരുന്ന പേടകങ്ങൾക്കു മേൽ പുഷ്പങ്ങളാൽ കണ്ണീരടക്കിപ്പിച്ച് അന്തിമോപചാരമർപ്പിക്കുമ്പോഴും ഇരുവരും തളരാതെ തേങ്ങലടക്കി. അസാമാന്യ പോരാളിയായിരുന്ന അച്ഛന്റെ അതേ ധൈര്യം ആ പാത പിന്തുടർന്ന് തങ്ങളിലും കൈവിടാതെ കാക്കാൻ ആ പെൺമക്കൾക്ക് കഴിഞ്ഞു. ബ്രാർ സ്ക്വയറിൽ ‘ഭാരത് മാതാ കി ജയ്’ വിളികൾക്ക് നടുവിൽ ബിപിൻ റാവത്തിന്റെയും മധുലികയുടെയും ചിതയ്ക്ക് തിരികൊളുത്തിയത് കൃതികയും തരിണിയുമാണ്.

Advertisement
Advertisement