മെക്സിക്കോയിൽ അഭയാർത്ഥി ട്രക്ക് അപകടത്തിൽപ്പെട്ട് 54 മരണം

Saturday 11 December 2021 1:14 AM IST

ചിയാപാസ്: മെക്‌സിക്കോയിൽ ട്രക്ക് നിയന്ത്രണം വിട്ട് പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ കുട്ടികളുൾപ്പെടെ 54 പേർക്ക് ദാരുണാന്ത്യം. 58 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹോണ്ടുറാസിൽ നിന്നും മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് കുടിയേറാനെത്തിയ സംഘമാണ് ട്രക്കിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് നൂറിലേറെ പേരുമായി പോകുകയായിരുന്ന ട്രക്ക് ഗ്വാട്ടിമാലയുമായി അതിർത്തി പങ്കിടുന്ന ചിയാപാസ് മേഖലയിലാണ് അപകടത്തിൽപെട്ടത്. അമേരിക്കയിലേക്ക് കുടിയേറാനായി വിവിധ രാജ്യങ്ങളിൽ നിന്ന് മെക്‌സിക്കോയിലെത്തിയവരാണ് ഇവിടെയുള്ളവരിൽ ഭൂരിഭാഗം പേരും. ഇവരെ അനധികൃതമായ രീതിയിൽ യു.എസ് അതിർത്തിയിൽ എത്തിക്കാനായി നിരവധി മനുഷ്യക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മെക്സിക്കോയും യു.എസും അറിയിച്ചിട്ടുണ്ടെങ്കിലും സുരക്ഷാസേനയുടെ കണ്ണു വെട്ടിച്ച് നിരവധി പേരാണ് ദിനംപ്രതി അതിർത്തി പ്രദേശത്തെത്തുന്നത്. അതേ സമയം അപകടത്തിൽ മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപസ് ദുഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മെക്സിക്കൻ സർക്കാർ അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement