യു.എസിന്റെ ജനാധിപത്യ ഉച്ചകോടിയിൽ നിന്ന് പിന്മാറി പാകിസ്ഥാൻ

Saturday 11 December 2021 1:53 AM IST

ഇസ്ലാമാബാദ്: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അദ്ധ്യക്ഷത വഹിക്കുന്ന ജനാധിപത്യ ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ച് പാകിസ്ഥാൻ. ചൈനീസ് സമ്മർദ്ദമാണ് പാക് സർക്കാരിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. ഉച്ചകോടിയുടെ കാര്യം ചർച്ച ചെയ്യാൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ ഫോണിൽ വിളിച്ചു സംസാരിച്ചെന്ന് റിപ്പോർട്ടുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് 110 ലോകരാഷ്ട്രങ്ങളെയാണ് യു.എസ് ഔദ്യോഗികമായി ക്ഷണിച്ചത്. പാകിസ്ഥാന് പുറമെ ഏഷ്യ - പസഫിക് മേഖലയിൽ നിന്ന് ഇന്ത്യ, മാലദ്വീപ്,ആസ്‌ട്രേലിയ, ഫിലിപ്പീൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാഷ്ട്രങ്ങളും ത്രിദിന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. റഷ്യക്കും ചൈനയ്ക്കും ക്ഷണം ലഭിച്ചിരുന്നില്ല. അതേ സമയം തായ്‌വാനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിനെ രൂക്ഷമായി വിമർശിച്ച് ചൈന രംഗത്തെത്തി. അമേരിക്കയുടെ ലക്ഷ്യം ജനാധിപത്യമല്ലെന്നും ആധിപത്യം സ്ഥാപിക്കലാണെന്നും ചൈന ആരോപിച്ചു. അതേ സമയം ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് പാകിസ്ഥാൻ യു.എസിന് നന്ദി അറിയിച്ചു. 'യുഎസുമായുള്ള പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുന്നു, അത് പ്രാദേശികവും അന്തർദ്ദേശീയവുമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിരവധി വിഷയങ്ങളിൽ യു.എസുമായി സമ്പർക്കം പുലർത്തുന്നത് തുടരുമെന്നും ഭാവിയിൽ ഉചിതമായ സമയത്ത് ഈ വിഷയത്തിൽ ഇടപെടാൻ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് പാക് വിദേശകാര്യ വകുപ്പിന്റെ പ്രസ്താവനയിൽ പറഞ്ഞു.

Advertisement
Advertisement