ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുൽഗാന്ധി, ഇന്ത്യ ഹിന്ദുക്കളുടേത്, ഹിന്ദുത്വവാദികളുടേതല്ല

Monday 13 December 2021 12:03 AM IST

ജയ്‌പൂർ: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും അധികാരക്കൊതിയൻമാരായ ഹിന്ദുത്വവാദികളുടേതല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ധന വിലവർദ്ധനവ്, വിലക്കയറ്റം തുടങ്ങിയവയ്ക്കെതിരെ രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന കോൺഗ്രസ് മെഗാ റാലിയിലാണ് കേന്ദ്രസർക്കാരിനെയും ബി.ജെ.പിയേയും രാഹുൽ കടന്നാക്രമിച്ചത്. രാജ്യത്തെ രാഷ്ട്രീയത്തിൽ ഇന്ന് രണ്ട് വാക്കുകൾ തമ്മിലൊരു ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു വാക്ക് ഹിന്ദു എന്നും മറ്റേത് ഹിന്ദുത്വവാദി എന്നുമാണ്. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്. ഇന്ത്യ ഹിന്ദുക്കളുടേതാണ്, എന്നാൽ ഹിന്ദുത്വവാദികളുടേതല്ല. ഞാൻ ഹിന്ദുവാണ്, എന്നാൽ ഹിന്ദുത്വവാദിയല്ല. ഹിന്ദുത്വവാദികൾക്ക് എങ്ങനെയും അധികാരത്തിലിരിക്കണമെന്നാണ് വിചാരം. അധികാരമല്ലാതെ അവർക്ക് മറ്റൊന്നുമില്ല.

മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്‌സെ ഹിന്ദുത്വവാദിയും. മഹാത്മാഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്‌സെ മൂന്ന് വെടിയുണ്ടകൾകൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു. ഹിന്ദു സത്യാന്വേഷിയാണ്. സത്യാഗ്രഹമാണ് അവരുടെ വഴി. ഹിന്ദുത്വവാദിക്ക് അധികാരം മതി. അധികാരത്തിനായുള്ള അന്വേഷണമാണ് അവരുടെ വഴി. അതിന് വേണ്ടി അവരെന്തും ചെയ്യും. ഹിന്ദുത്വവാദികൾ 2014 മുതൽ അധികാരം കൈയാളുകയാണ്. നമുക്ക് ഈ ഹിന്ദുത്വവാദികളെ അധികാരത്തിൽ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഇന്ന് രാജ്യത്തെ സമ്പത്തിന്റെ 33 ശതമാനവും ഒരു ശതമാനം പേരുടെ കൈകളിലാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.


ആരാണ് ഹിന്ദു? എല്ലാവരെയും ആശ്ലേഷിക്കുന്ന, ആരെയും ഭയക്കാത്ത, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവനാണ് ഹിന്ദു. എല്ലാവരെയും ഉൾക്കൊള്ളുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം നമുക്ക് തിരികെ കൊണ്ടുവരണം.

- രാഹുൽ ഗാന്ധി

 ടൂറിസ്റ്റ് പ്രധാനമന്ത്രിയെന്ന് പ്രിയങ്ക

പ്രിയങ്കഗാന്ധിയും മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചു. നമ്മുടെ ടൂറിസ്റ്റ് പ്രധാനമന്ത്രി ലോകം മുഴുവൻ കറങ്ങി. പക്ഷേ, കർഷകരെ കാണാൻ പത്ത് കിലോമീറ്റർ അപ്പുറത്തേക്ക് പോയില്ല. രാജ്യത്തെ പൗരന്മാർക്ക് വേണ്ടി ബി.ജെ.പി കഴിഞ്ഞ ഏഴ് വർഷം എന്താണ് ചെയ്തത്. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, എയർപോർട്ടുകൾ തുടങ്ങി 70 വർഷം കൊണ്ട് കോൺഗ്രസ് നിർമ്മിച്ചതാണ് ബി.ജെ.പി ഇപ്പോൾ വിറ്റുതുലയ്ക്കുന്നത്. സ്വന്തക്കാരായ വ്യവസായികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാരാണിത്.

രാഹുലിനെതിരെ ബി.ജെ.പി

തക്കം കിട്ടിയാൽ ഹിന്ദുത്വത്തെ ആക്രമിക്കുകയെന്നത് കോൺഗ്രസിന്റെ രീതിയാണെന്ന്

ബി.ജെ.പി വക്താവ് സംബീത് പത്ര കുറ്റപ്പെടുത്തി. ഇപ്പോൾ നടക്കുന്നതെല്ലാം യാദൃച്ഛികമല്ല, പരീക്ഷണങ്ങളാണ്. ഇതിന്റെ ഹെഡ്മാസ്റ്റർ രാഹുലാണ്.

Advertisement
Advertisement