50 വർഷം കൊണ്ട് ബംഗ്ലാദേശ് മുന്നേറി :രാജ്നാഥ് സിംഗ്

Monday 13 December 2021 12:07 AM IST

ന്യൂഡൽഹി: കഴിഞ്ഞ 50 വർഷം കൊണ്ട് ബംഗ്ലാദേശ് വികസന പാതയിൽ അതിവേഗം മുന്നേറിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ബംഗ്ലാദേശിൽ ജനാധിപത്യം പുനസ്ഥാപിക്കുന്നതിൽ ഇന്ത്യ വലിയ സംഭാവനയാണ് നൽകിയത്. 1971ലെ യുദ്ധവിജയത്തിന്റെ ആഘോഷമായ സ്വർണിം വിജയ് പർവ്വ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വിജയാഘോഷം വലിയ തോതിൽ സംഘടിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ സി.ഡി.എസ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം മൂലം ആഘോഷങ്ങൾ മാറ്റിവയ്‌ക്കുകയാണ്. 1971ലെ യുദ്ധത്തിൽ പങ്കെടുത്ത ഓരോ സൈനികന്റെയും ധീരതക്കും ത്യാഗത്തിനും മുമ്പിൽ ഞാൻ ശിരസ് നമിക്കുകയാണ്. ഇവരുടെ ത്യാഗത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കും. ബംഗാളി സഹോദരന്മാർക്ക് നേരെ പാകിസ്ഥാൻ നടത്തിയ അക്രമം മാനവരാശിക്ക് ഭീഷണി ആയിരുന്നു. അവരെ അക്രമത്തിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചത് രാഷ്ട്ര ധർമ്മമാണ്. പിടിച്ചെടുത്ത പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാതെ ജനങ്ങൾക്ക് കൈമാറുകയാണ് ഇന്ത്യ ചെയ്തത്. അന്ന് പാകിസ്ഥാനെ യുദ്ധത്തിൽ പരാജയപ്പെടുത്തിയെങ്കിൽ ഇന്ന് അവർ നടത്തുന്ന തീവ്രവാദത്തെ വേരോടെ പിഴുതെറിയാനാണ് ഇന്ത്യയുടെ പ്രവർത്തനമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Advertisement
Advertisement