കോപ്റ്റർ അപകടം; എല്ലാവരെയും തിരിച്ചറിഞ്ഞു.

Monday 13 December 2021 12:12 AM IST

ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. ലഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗ്, ഹവിൽദാർ സത്പാൽ റായ്, നായ്‌ക് ജിതേന്ദ്രകുമാർ, നായ്‌ക് ഗുർ സേവക് സിംഗ് എന്നിവരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു.

ഹർജീന്ദർ സിംഗിന്റെ മൃതദേഹം ഇന്നലെ ഡൽഹി കന്റോൺമെന്റിലെ വസതിയിലെത്തിച്ചു. 3.30ന് ബ്രാർ സ്ക്വയർ ശ്മശാന ത്തിൽ സംസ്കരിച്ചു. മകൾ പ്രീത് കൗർ ചിതയ്ക്ക് തീ കൊളുത്തി. ഭാര്യ മേജർ (റിട്ട) അഗ്നസ്. പി മനേസസിനെയും മകൾ പ്രീത് കൗറിനെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആശ്വസിപ്പിച്ചു. ആർമി ചീഫ് എം.എം നരവനെ, എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി, നേവി ചീഫ് അഡ്മിറൽ ആർ.ഹരികുമാർ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.

ജനറൽ ബിപിൻ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന ലാൻസ് നായിക് ബി.സായ് തേജയുടെ മൃതദേഹം ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജന്മഗ്രാമമായ യഗുവരേഗഡിയിൽ സംസ്‌കരിച്ചു. ആന്ധ്ര സർക്കാർ കുടുംബത്തിന് 50 ലക്ഷം രൂപ പ്രഖ്യാപിച്ചു.

ഹവിൽദാർ സത്പാൽ റായിയുടെ മൃതദേഹം ബംഗാളിലെ ഡാർജിലിങ്ങിനടുത്ത് തക്ദയിലെത്തിച്ചു. സംസ്‌കാരം ഇന്ന്.

നായ്‌ക് ജിതേന്ദ്ര കുമാറിന്റെ മൃതദേഹം ഭോപ്പാലിൽ എത്തിച്ചു. ധമണ്ടി വില്ലേജിൽ സംസ്കാരം നടത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുടുംബത്തിന് ഒരു കോടി രൂപയും ഭാര്യയ്ക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ചു.

നായ്‌ക് ഗുർ സേവക് സിംഗിന്റെ മൃതദേഹം പഞ്ചാബിലെ ജന്മഗ്രാമമായ തരൺ തരണിലെ ഡോഡെ സോധിയാനിൽ സംസ്കരിച്ചു. മൂന്ന് വയസ്സുള്ള മകൻ ഗാർഫത്തേ സിംഗ് ചിതയ്ക്ക് തീ കൊളുത്തി.

പിതാവിന്റെ പാത

പിന്തുടരണമെന്ന് ആരാധ്യ

പിതാവ് വിംഗ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാന്റെ പാത പിന്തുടരാനാണ് ആഗ്രഹമെന്ന് 12 കാരിയായ മകൾ ആരാധ്യ.അച്ഛനായിരുന്നു എന്റെ ഹീറോ. മദ്ധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്നാണ് ചൗഹാന്റെ കുടുംബം ആഗ്രയിലെത്തിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും കുടുംബത്തിലൊരാൾക്ക് ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Advertisement
Advertisement