എല്ലൊടിഞ്ഞ അവസ്ഥയിൽ ജില്ലാ ആശുപത്രി

Monday 13 December 2021 12:54 AM IST

നെടുമങ്ങാട്: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് രോഗാതുരമായി. പ്രതിദിനം രണ്ടായിരത്തിലേറെ രോഗികളെത്തുന്ന ആതുരാലയത്തിൽ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതാണ് പ്രധാന പ്രശ്നം. ക്വാളിറ്റി ഇപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് അഥവാ ലക്ഷ്യ സ്റ്റാൻഡേർഡ്സിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അടുത്തിടെ അനുവദിച്ചു കിട്ടിയ ചികിത്സാവിഭാഗങ്ങളൊന്നും വാർഡുകളുടെ കുറവ് കാരണം തുടങ്ങാനായിട്ടില്ല. ഗൈനക്കോളജി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ആറ് സ്റ്റാഫ് നഴ്‌സുമാരെ ഒറ്റയടിക്ക് സ്ഥലം മാറ്റി. 5 എൻ.എച്ച്.എം ഡോക്ടർമാരെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഇതുകാരണം ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും മതിയായ പരിചരണം ഉറപ്പ് വരുത്താൻ കഴിയാത്ത അവസ്ഥയിലാണ് ഡോക്ടർമാർ. പരിചരണത്തിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് തൊളിക്കോട് സ്വദേശിനി ജന്മം നൽകിയ പെൺകുഞ്ഞ് മരിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്.

മൂന്ന് ഡോക്ടർമാരാണ് കൊവിഡ് ഡ്യൂട്ടിയിലുള്ളത്. പി.പി.ഇ കിറ്റ് ധരിച്ച് നാല് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യരുതെന്ന മാർഗനിർദേശത്തിന് വിരുദ്ധമായാണ് ഇവരുടെ ജോലി സമയം. ഇരുപത് പേ വാർഡുകൾ മാസങ്ങളായി അടഞ്ഞുകിടപ്പാണ്. ശസ്ത്രക്രിയകൾ കഴിഞ്ഞ രോഗികൾക്കും ഗുരുതരമായ അപകടങ്ങൾ നേരിട്ടവർക്കും ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. കൊവിഡ് വാർഡുകളുടെ സജ്ജീകരണവുമായി ബന്ധപ്പെട്ട് അടച്ചിട്ട പേ വാർഡുകളാണ് ഇനിയും തുറന്നുകൊടുക്കാത്തത്. വാടക ഇനത്തിൽ പ്രതിമാസം രണ്ടു ലക്ഷത്തിലേറെ രൂപ ലഭിച്ചിരുന്നതും ഇതോടെ നഷ്ടമായി. ലക്ഷങ്ങൾ ചെലവിട്ട് ആരംഭിച്ച എക്സ് റേ, ലാബ് സെന്ററുകൾ എന്നിവയും മിക്കവാറും പാവപ്പെട്ടവർക്ക് മുന്നിൽ കൊട്ടിയടയ്ക്കുകയാണ്. ഇത് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് രോഗികളെ പറ‌ഞ്ഞയക്കാനാണെന്നും ആരോപണമുണ്ട്.

സംശയിക്കേണ്ട! മൃഗശാലയല്ല....

ഒ.പിയിലും മരുന്ന് വിതരണ കേന്ദ്രത്തിലും വാർഡുകളിലും ചുറ്റിനടക്കുന്ന തെരുവുനായ്ക്കളും എല്ലാവരുടേയും പേടിസ്വപ്നമാണ്. നിരവധിപേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. പ്രവേശനകവാടം മുതൽ മോർച്ചറി വരെ ഇടവിടാതെ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും കത്താറില്ല. ഇരുളിന്റെ മറവിൽ മോഷണവും പിടിച്ചുപറിയും പതിവാണ്. സന്ധ്യകഴിഞ്ഞാൽ ജീവനക്കാർക്ക് പോലും പുറത്തിറങ്ങാൻ ഭയമാണ്. വാർഡുകളിലെ ലിഫ്ട് മുടക്കവും തുടർക്കഥയായിട്ടുണ്ട്. കാൻസർ രോഗിയും കൂട്ടിരിപ്പുകാരും ലിഫ്ടിൽ കുടുങ്ങിയത് ഈയിടെയാണ്.

മാസ്റ്റർ പ്ലാനിന് വേണം ബൂസ്റ്റർ ഡോസ്

ജീവനക്കാരുടെ അഭാവത്തിൽ സൈക്യാട്രി, കാൻസർ കെയർ – കീമോതെറാപ്പി യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, പാലിയേറ്റീവ് വാർഡ്, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ബയോമെഡിക്കൽ വേസ്റ്റ് സംസ്കരണ ഇമേജ് റൂം, സ്റ്റെറിലൈസേഷൻ യൂണിറ്റ് എന്നിവയുടെ പ്രവർത്തനം തകിടംമറിഞ്ഞ അവസ്ഥയാണ്. ദുരവസ്ഥ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വ. ജി.ആർ. അനിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ

നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ നവ്ജ്യോത് ഖോസയുടെ നേതൃത്വത്തിൽ ആശുപത്രി സന്ദർശിച്ച ഉന്നതതല സംഘം മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജില്ലാ പഞ്ചായത്തിന് നിർദേശം നൽകിയെങ്കിലും എങ്ങുമെത്തിയിട്ടില്ല. ഓക്സിജൻ പ്ലാന്റ്, ശതാബ്ദി സ്മാരക ഒ.പി മന്ദിരം, പ്രസവ വാർഡ് വിപുലീകരണം തുടങ്ങിയ നിർദേശങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നത്.


തുടക്കം 1920-ൽ രാജഭരണകാലത്ത് ഡിസ്ട്രിക്ട് ഹോസ്പിറ്റലായി
നഗരസഭ രൂപീകൃതമായതോടെ താലൂക്കാശുപത്രിയാക്കി
2013ൽ വീണ്ടും ജില്ലാ ആശുപത്രിയായി ഉയർത്തി
ആകെ 225 കിടക്കകൾ, 30 ഡോക്ടർമാർ

Advertisement
Advertisement