യു.എസിൽ ദുരന്തക്കൊടുങ്കാറ്റ് മരണം 100 കടന്നു

Monday 13 December 2021 12:32 AM IST

വാഷിംഗ്ടൺ : യു.എസിൽ വൻ നാശം വിതച്ച് വീശിയടിച്ചു കൊണ്ടിരിക്കുന്ന കൊടുങ്കാറ്റിൽ മരണ സംഖ്യ 100 കടന്നു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. കൊടുങ്കാറ്റിനെ തുടർന്ന് രൂപപ്പെട്ട ചുഴലികൾ അർകൻസാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസൗരി, ടെന്നസി തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ നാശനശ്ടങ്ങൾ ഉണ്ടാക്കി. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത കെന്റക്കിയിൽ 80 ലേറെപ്പേർ മരിച്ചതായാണ് വിവരം. മണിക്കൂറിൽ 365 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന ചുഴലിയെ തുടർന്ന് പടിഞ്ഞാറൻ കെന്റക്കിയിൽ ചരക്കു ട്രെയിൻ പാളം തെറ്റി. കെന്റക്കിയിലെ ഒരു മെഴുകുതിരി ഫാക്ടറി തകർന്ന് നിരവധി പേർ മരിച്ചു. ക്രിസ്മസ് പ്രമാണിച്ച് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇല്ലിനോയിസിലെ എഡ്‌വാർഡ്സ് വില്ലെയിലെ ആമസോൺ കമ്പനിയുടെ വെയർഹൗസ് തകർന്ന് 6 പേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ചുഴലിക്കാറ്റിൽ തകർന്ന മെയ്ഫീൽഡിലുള്ള മെഴുകുതിരി ഫാക്ടറിയിലും ഒട്ടേറെപ്പേർ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇവിടെ നിന്ന് 40 ഓളം തൊഴിലാളികളെ രക്ഷിച്ചതായി കെന്റക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു. മിസോറിയിലും അർകൻസാസിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ ഗ്രേവ്സ് കൗണ്ടി കോടതിക്കും, ഫസ്റ്റ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിനും കൊടുങ്കാറ്റിൽ സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.10,000ത്തോളം ആളുകൾ താമസിക്കുന്ന മെയ്ഫീൽഡിലാണ് രക്ഷാപ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതു കൂടാതെ രാജ്യത്തെ 6 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സൈന്യവും അഗ്നി സുരക്ഷാ വിഭാഗവും രക്ഷാപ്രവർത്തനം തുടരുകയാണ്.

ശൈത്യകാല മാസങ്ങളിൽ ഇത്തരം ചുഴലിക്കാറ്റുകൾ അസാധാരണമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. എന്നാൽ ഉയർന്ന താപനിലയും ഈർപ്പവും ഇത്തരമൊരു തീവ്ര കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായെന്ന് നോർത്തേൺ ഇല്ലിനോയിസ് സർവകലാശാലയിലെ ഭൂമിശാസ്ത്ര, അന്തരീക്ഷ ശാസ്ത്രത്തിലെ പ്രൊഫസറായ വിക്ടർ ജെൻസിനി പറഞ്ഞു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് : ബൈ‌ഡൻ

യു.എസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റാണ് രാജ്യത്ത് കനത്ത നാശനഷ്ടം വിതച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഇതൊരു വലിയ ദുരന്തമാണ്. എത്രപേർക്ക് ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടെന്ന് ഇനിയും കൃത്യമായി പറയാറായിട്ടില്ല. രക്ഷാപ്രവർത്തനത്തിന് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ഹൃദയഭേദകമെന്ന് ജെഫ് ബെസോസ്

ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ഇല്ലിനോയിസിലെ ആമസോൺ വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്ന 6 ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് ആമസോൺ തലവൻ ജെഫ് ബെസോസ്. ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നുവെന്ന് ബെസോസ് ട്വിറ്ററിൽ കുറിച്ചു. സംഭവം നടന്ന സമയത്ത് 100 ഓളം ജീവനക്കാരാണ് വെയർഹൗസിലുണ്ടായിരുന്നത്. അതേ സമയം സംഭവത്തെ തുടർന്ന് ജോലി സ്ഥലത്ത് ഫോണിന് നിരോധനം ഏർപ്പെടുത്തിയ ആമസോൺ കമ്പനി തീരുമാനത്തിനെതിരെ ജീവനക്കാർ രംഗത്തെത്തി. ഇങ്ങനെയുള്ള അടിയന്തര സാഹചര്യത്തിൽ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും ജീവനക്കാർക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടെന്നും വിമർശനമുയരുന്നുണ്ട്.

Advertisement
Advertisement