ഡോക്ടർമാരും ജീവനക്കാരും സമര മുഖത്ത് : രോഗികൾ അങ്കലാപ്പിൽ

Monday 13 December 2021 12:49 AM IST

തൃശൂർ : ഡോക്ടർമാരും ജീവനക്കാരും സമര മുഖത്തിറങ്ങിയതോടെ, ദുരിതമനുഭവിക്കുന്നത് രോഗികൾ. പി.ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ജോലി ഭാരം വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ചും മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ ഇന്ന് സമര രംഗത്തേക്ക് ഇറങ്ങുന്നതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാകും.

രോഗികളുടെ മുറിവ് കെട്ടൽ മുതൽ ശസ്ത്രകിയ വരെ പ്രതിസന്ധിയിലാണ്. ഇന്ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അത്യാഹിതം, കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള എല്ലാ സർവീസും ബഹിഷ്‌കരിക്കും. രാവിലെ 8 മുതൽ ചൊവ്വാഴ്ച രാവിലെ 8 വരെയാണ് പണിമുടക്ക്. പി.ജി. ഡോക്‌ടേഴ്‌സിന്റെ സമരം കാരണം ജോലി ഭാരം വർദ്ധിച്ചെന്ന് ഹൗസ് സർജന്മാർ അറിയിച്ചു. മെഡിക്കൽ കോളേജിൽ 286 പി.ജി ഡോക്ടർമാരും 125 ഓളം ഹൗസ് സർജന്മാരുമാണ് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലുള്ളത്.

പി.ജി ഡോക്ടർമാരുടെ സമരത്തോടെ ഒ.പിയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും മറ്റും നടക്കുന്നില്ല. പല ഡിപ്പാർട്ടുമെന്റിലും പുതുതായി പി.ജി ഡോക്ടർമാരെ കൂടുതലായി നിയമിക്കാത്തതും നേരത്തെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിരുന്നു. ഇതിനിടെ പുതിയ മെഡിക്കൽ കോളേജുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിലെന്ന് പറഞ്ഞ് ഡോക്ടർമാരെ വിടുന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. പി.ജി ഡോക്ടർമാരുടെ സമരം ഇന്നലെയും നടന്നു.

പി.ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് അദ്ധ്യാപകരടക്കമുള്ള സംഘടനകൾ രംഗത്തെത്തി. കെ.ജി.എം.സി.ടി.എ ഇന്ന് ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചു. ഒ.പി, ഐ.പി സേവനം ബഹിഷ്‌കരിക്കാനാണ് തീരുമാനം. സമരത്തെ തുടർന്ന് പ്രധാന ചികിത്സാ വിഭാഗങ്ങളും ശസ്ത്രക്രിയകളും പരിമിതപ്പെടുത്തിയ നിലയിലാണ്. ശമ്പള വർദ്ധനവിലെ അപാകതകൾ പരിഹരിക്കാനാവശ്യപ്പെട്ട് കെ.ജി.എം.ഒ.എയുടെ നിൽപ്പ് സമരവും ആറാം ദിവസത്തിലേക്ക് കടന്നു.

തിങ്കളാഴ്ച്ച ഒ.പി നിറയുന്ന ദിവസം

മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ ഒ.പി.യിൽ എറ്റവും കൂടുതൽ പേരെത്തുന്ന ദിവസമാണ് തിങ്കളാഴ്ച്ച. മറ്റ് ദിവസങ്ങളിൽ 2,500 മുതൽ 3,000 വരെ രോഗികളാണ് ചികിത്സ തേടി എത്താറുള്ളതെങ്കിൽ തിങ്കളാഴ്ചകളിൽ 3,500 മുതൽ 4,000 വരെ രോഗികളാണെത്തുന്നത്. പുലർച്ചെ മുതൽ ഒ.പികളിൽ വൻതിരക്കാണ്. തൃശൂർ ജില്ലയ്ക്ക് പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ കൂടുതലായുമെത്തുന്നത്. ഒ.പികളിൽ എത്തുന്നവരിൽ പകുതിയോളം പേർ മുൻകൂട്ടി നിശ്ചയിച്ച് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം എത്തുന്നവരാണ്. പല വിഭാഗങ്ങളിലും നിശ്ചിത ദിവസങ്ങളിൽ മാത്രം ഒ.പി ഉള്ളവരാണ്. അതുകൊണ്ട് തന്നെ പലർക്കും ഇന്ന് ഡോക്ടർമാരെ കാണാൻ സാധിച്ചില്ലെങ്കിൽ വീണ്ടും വരേണ്ട അവസ്ഥയാണ്. എറ്റവും കൂടുതൽ യൂറോളജി, പ്ലാസ്റ്റിക് സർജറി, കാർഡിയോളജി ഒ.പി നടക്കുന്ന ദിവസമാണിത്.

Advertisement
Advertisement