റാഗിംഗ് : എം.ബി.ബി.എസ് വിദ്യാർത്ഥി ആത്യഹത്യയ്ക്ക് ശ്രമിച്ചു, നാല് പേർക്കെതിരെ കേസ്

Tuesday 14 December 2021 12:55 AM IST

ചെന്നൈ : തമിഴ്നാട്ടിൽ റാഗിംഗിന് ഇരയായെന്നാരോപിച്ച് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ധർമപുരിയിലെ സർക്കാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച നാമക്കൽ സ്വദേശിയായ വിദ്യാർത്ഥി അപകടനില തരണം ചെയ്തു.

സംഭവത്തിൽ നാല് മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ വ്യക്തമാക്കി. ഇവരെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി. കോളേജ് അധികൃതർ രൂപീകരിച്ച സമിതി നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് ഹോസ്റ്റൽ വാർഡൻമാരെ പിരിച്ചുവിട്ടു.

അതേ സമയം, ഡിസംബർ അഞ്ചിനാണ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് റാഗിംഗിന്റെ വിവരം പുറത്തുവന്നത്. റാഗിംഗ് വിവരം കോളേജ് അധികൃതർ നേരത്തെ അറിഞ്ഞെന്നും എന്നാൽ നടപടി സ്വീകരിക്കാൻ വൈകിയെന്നും ആരോപണമുണ്ട്. ആത്മഹത്യാശ്രമത്തിന് മുന്നേ വിദ്യാർത്ഥി ആദ്യം പരാതി നൽകിയെന്നും പിന്നീട് അത് പിൻവലിച്ചെന്നും കോളേജ് അധികൃതർ പറയുന്നു. കോളേജ് ഡീൻ നൽകിയ പരാതിയിൽ നാല് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement