ഇ. നാരായണൻ സ്മാരക പുരസ്‌കാരം അഡ്വ. പി. രാഘവന്

Monday 13 December 2021 11:06 PM IST
പി.രാഘവൻ

തലശ്ശേരി: കേരളത്തിലെ സഹകാരി പ്രതിഭകൾക്കായി തലശ്ശേരി സഹകരണ റൂറൽ ബാങ്കിന്റെ രണ്ടാമത് ഇ. നാരായണൻ സ്മാരക പുരസ്‌കാരം അഡ്വ. പി. രാഘവന് സമ്മാനിക്കും. അര ലക്ഷം രൂപയും പ്രമുഖ ചിത്രകാരൻ കെ.കെ. മാരാർ രൂപകൽപന ചെയ്ത ശിൽപവുമാണ് അവാർഡ്. ഈ മാസം 21 ന് ഉച്ചതിരിഞ്ഞ് മുൻമന്ത്രി ഇ.പി. ജയരാജനും, അവാർഡ് നിർണയ സമിതി, ബാങ്ക് ഭാരവാഹികളും അഡ്വ. രാഘവന്റെ വീട്ടിലെത്തി പുരസ്‌കാരം സമർപ്പിക്കുമെന്ന് റൂറൽ ബാങ്ക് പ്രസിഡന്റ് സി. വത്സനും അവാർഡ് നിർണയ സമിതി ചെയർമാൻ കാരായി രാജനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തലശ്ശേരിയിലെ സഹകരണ റൂറൽ ബാങ്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്ന നീതി മെഡിക്കൽ സ്റ്റോറിനും തുടക്കമിടുന്നതായി പ്രസിഡന്റ് അറിയിച്ചു. സ്റ്റോറിന്റെ പ്രവർത്തന ഉദ്ഘാടനം 17 ന് രാവിലെ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ നിർവഹിക്കും. നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ബാങ്ക് ഡയറക്ടർ കൂടിയായ നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, ടി. ഹരിദാസൻ, കെ.വി. മോഹനൻ, ജനറൽ മാനേജരുടെ ചുമതല വഹിക്കുന്ന സി.എം. സന്തോഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

കാസർകോടിന്റെ സഹകരണമുഖം

ഉദുമ മുൻ എം.എൽ.എയായ പി. രാഘവൻ മുൻകൈയെടുത്ത് നിരവധി സഹകരണ സംഘങ്ങളാണ് ജില്ലയുടെ വടക്കൻമേഖലയിൽ തുടങ്ങിയത്. കാസർകോട് ബേഡടുക്ക പഞ്ചായത്തിലെ മുന്നാട് സ്വദേശിയായ ഇദ്ദേഹം അടുത്ത കാലത്ത് അസുഖ ബാധിതനാവുന്നത് വരെ സഹകരണരംഗത്ത് സജീവമായിരുന്നു. കേരളത്തിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് കൂടിയാണ് രാഘവൻ. കാസർകോട് ജില്ലയിൽ മാത്രം 25 ലേറെ സഹകരണ സംഘങ്ങൾ ആരംഭിച്ചത് ഇദ്ദേഹം മുൻ കൈയെടുത്താണ്. കാസർകോട് ബാറിലാണ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത്. അവിഭക്ത ബേഡടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. കമലയാണ് ഭാര്യ. അജിത് കുമാർ, അരുൺകുമാർ മക്കളാണ്.

Advertisement
Advertisement