വ്യാജമദ്യ കേസിൽ ബാറുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Wednesday 15 December 2021 12:00 AM IST

അമ്പലപ്പുഴ: പുറക്കാട് കരൂരിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റും വ്യാജമദ്യവും സ്പിരിറ്റും പിടികൂടിയ സംഭവത്തിൽ അമ്പലപ്പുഴ, പറവൂർ പ്രദേശങ്ങളിലെ ബാറുകൾ കേന്ദ്രീകരിച്ച് അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പിടിയിലായ രണ്ടാം പ്രതി കരുമാടി ലക്ഷംവീട് കോളനിയിൽ രാഹുൽ റിമാൻഡിലാണ്. അമ്പലപ്പുഴയിലെ ബാറിൽ നിന്ന് ലോക്ക് ഡൗൺ കാലത്ത് ബില്ലില്ലാതെ വിദേശമദ്യം വിറ്റഴിച്ചതായി വ്യാപക പരാതി ഉയർന്നിരുന്നു. അനധികൃത മദ്യവിൽപ്പന സംഘം നിർമ്മിച്ച വ്യാജമദ്യമാണ് ഇത്തരത്തിൽ വിറ്റഴിച്ചതെന്ന് പറയപ്പെടുന്നു. അമ്പലപ്പുഴ, പുറക്കാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം വ്യാജമദ്യം വിൽപ്പന നടത്തിയിരുന്നത്.

കരൂരിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 750 ലിറ്ററോളം സ്പിരിറ്റും മദ്യം നിറയ്ക്കാനുപയോഗിച്ചിരുന്ന പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികളും വിദേശമദ്യങ്ങളുടെ പേരുകളുള്ള ലേബലുകളും 900ഓളം മദ്യം നിറച്ച കുപ്പികളുമാണ് കണ്ടെടുത്തത്. രണ്ട് ബാറുകളിലെ ഒരു മാസത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഘത്തിന് സ്പിരിറ്റ് എവിടെനിന്നാണ് ലഭിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

ഒന്നാം പ്രതിയായ കാക്കാഴം നാലുപറയിൽ ശ്രീജിത്തിനെ പിടികൂടിയാലേ അന്വേഷണത്തിന് തുമ്പ് ലഭിക്കൂ. കേസിൽ പ്രമുഖരായ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Advertisement
Advertisement