പൂഞ്ചിൽ പാക് ഭീകരനെ വധിച്ചു, ആയുധങ്ങൾ പിടിച്ചെടുത്തു

Wednesday 15 December 2021 12:52 AM IST

ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ പാക് ഭീകരനും കൊടുംകുറ്റവാളിയുമായ അബു സറാറിനെ (അബു സർ) സുരക്ഷാ സേന വധിച്ചു.

പൂഞ്ചിലെ സുരാൻകോട്ട് മേഖലയിലെ ബഫ്‌ലിയാസിലാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയ സേനയ്ക്ക് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. തുരുതുരാവെടി വച്ച് അബു രക്ഷപ്പെടാൻ ശ്രമിച്ചു. സേനയുടെ ശക്തമായ തിരിച്ചടിയിൽ ഇയാൾ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർ ഓടി രക്ഷപെട്ടു. അബുവിന്റെ പക്കൽ നിന്ന് എ.കെ. 47 തോക്ക്, വെടിയുണ്ടകൾ, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങളും ഇന്ത്യൻ രൂപയും പിടിച്ചെടുത്തു. അബുവിന്റെ പാക് ബന്ധം തെളിയിക്കുന്ന രേഖകളും ലഭിച്ചതായി സൈന്യം വ്യക്തമാക്കി. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

കഴിഞ്ഞ ആഗസ്റ്റിലാണ് അബു പൂഞ്ചിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സേനയ്ക്ക് നേരെ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകി.

പ്രദേശത്തെ വനത്തിലാണ് ഇയാൾ ഒളിച്ചുകഴിഞ്ഞിരുന്നതെന്നാണ് കരുതുന്നത്. പ്രദേശവാസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനീക്കമുണ്ടായത്.

ഇക്കൊല്ലം പൂഞ്ച്, രജൗരി മേഖലയിൽ കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരനാണ് അബു. കഴിഞ്ഞയിടെ ഭീകരരുടെ വലംകൈയായിരുന്ന ഹാജി ആരിഫിനെയും സേന വധിച്ചിരുന്നു.

 ഒരു പൊലീസുകാരന് കൂടി വീരമൃത്യു

ശ്രീനഗറിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. പരിക്കേറ്റ ഒരാൾ കൂടി ഇന്നലെ മരിച്ചു. 14 പേർക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ഭാഗമായ കാശ്മീർ ടൈഗേഴ്സാണെന്ന് ജമ്മുകാശ്മീർ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പാന്ത ചൗക്ക് മേഖലയിൽ സീവാൻ പൊലീസ് ക്യാമ്പിന് സമീപമാണ് പൊലീസിന്റെ ബസിൽ കയറി രണ്ട് ഭീകരർ വെടിവച്ചത്.

Advertisement
Advertisement