വിവാദത്തിനിടെ കണ്ണൂർ സർവ്വകലാശാല ബഡ്ജറ്റ് : ഗവേഷണത്തിനും ഐ.ടിക്കും മുൻഗണന

Tuesday 14 December 2021 8:58 PM IST

കണ്ണൂർ:വൈസ് ചാൻസലർ നിയമനത്തെ ചൊല്ലി സംസ്ഥാനത്ത് വിവാദം കൊഴുക്കുന്നതിനിടെ ഗവേഷണസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഐ.ടി വികസനത്തിനും കാമ്പസ് വികസനത്തിനും ഊന്നൽ നൽകി കണ്ണൂർ സർവകലാശാല ബഡ്ജറ്റ് .

ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ അഡ്വ.പി .സന്തോഷ് കുമാറാണ് ബഡ് ജറ്റ് അവതരിപ്പിച്ചത്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സർവ്വകലാശാലയുടെ തനതു വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ആമുഖ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

വിവിധ പഠനവകുപ്പുകളിൽ പുതുതായി നിയമിതരാകുന്ന അദ്ധ്യാപകരുടെ ഗവേഷണസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.വിവിധ പദ്ധതികൾക്കായി റൂസയിൽ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന 10 കോടിയിൽ 3 കോടി പർച്ചേസിനും 3.5 കോടി നിർമ്മാണപ്രവൃത്തികൾക്കും 3.5 കോടി നവീകരണത്തിനുമായി ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും ഊന്നൽ നൽകിയിട്ടുണ്ട്.

വരവ് 208.78 കോടി

ചിലവ് 194.33 കോടി

നീക്കിയിരിപ്പ് 14.45 കോടി

പ്രധാന നിർദ്ദേശങ്ങൾ

കാമ്പസുകളുടെ ത്വരിത വികസനത്തിനും നവീകരണത്തിനും 125 ലക്ഷം

റിസർച്ച് സ്‌കോളർഷിപ്പിനായി 76 ലക്ഷം

 ഗവേഷണ ഫെലോഷിപ്പിനായി 150 ലക്ഷം രൂപ

 എക്യുപ്‌മെന്റ്‌സ് , വാഹനങ്ങൾ എന്നിവയ്ക്കായിയി 305 ലക്ഷം

എെ.ടി വികസനം 150 ലക്ഷം

മാലിന്യ സംസ്‌കരണത്തിന് 40 ലക്ഷം
തലശ്ശേരി കാമ്പസിലെ നിയമപഠനവകുപ്പിന്റെ കെട്ടിടം 75 ലക്ഷം

മഞ്ചേശ്വരം കാമ്പസിന് 50 ലക്ഷം

പുതിയ കോഴ്‌സുകൾക്ക് 50 ലക്ഷം

ജെന്റർ സപ്പോർട്ട് പരിപാടി 35 ലക്ഷം

വിദഗ്ധ ഫാക്കൽറ്റി സേവനം 40 ലക്ഷം

തനത് വരുമാനത്തിൽ ഇടിവ്

2020-21 സാമ്പത്തിക വർഷത്തിൽ തനതുവരുമാനത്തിൽ ഏകദേശം 15.59 കോടി രൂപയുടെ കുറവ് വന്നതായി ബഡ്ജറ്റ് പ്രസംഗത്തിൽ പറയുന്നു.വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ സർവ്വകലാശാലയിൽ നിന്നും വേർപെടുത്തി കേരള ഓപ്പൺ യൂണിവേഴ്‌സിറ്റി രൂപീകരിച്ചതുമൂലം വൻ സാമ്പത്തിക നഷ്ടമുണ്ടായി. 2019-20 സാമ്പത്തിക വർഷത്തിൽ 5.28 കോടി രൂപ ലഭിച്ചിരുന്നിടത്ത് 2020-21 സാമ്പത്തിക വർഷത്തിൽ 3.19 കോടി രൂപ മാത്രമാണ് ലഭിച്ചത്.തനതു വരുമാനം വർദ്ധിപ്പിക്കുന്നതിന് അക്കാദമിക തലത്തിൽ നവീനവും തൊഴിലധിഷ്ഠിതവുമായ പുതിയ കോഴ്സുകൾ ആരംഭിക്കും. ഡിപ്ലോമ കോഴ്‌സുകൾ, എം.ബി.എ സായാഹ്ന കോഴ്‌സുകൾ, വിവിധ പഠനവകുപ്പുകളിൽ നൈപുണ്യവികസന പ്രോഗ്രാമുകൾ, പുതിയ ഓൺലൈൻ, ഓഫ് ലൈൻ കോഴ്‌സുകൾ എന്നിവ നടപ്പു വർഷം ആരംഭിക്കും.

തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നി‌ർദേശങ്ങൾ ഈ ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത് സ്വാ‌ഗതാർഹമാണ്.മുൻകാലങ്ങളിലും നിന്നും വ്യത്യസ്തമായ ഒരു ബഡ്ജറ്റാണ് ഈ വർഷം അവതരിപ്പിച്ചിട്ടുള്ളത്.

എൻ.സുകന്യ,സിൻഡിക്കേറ്റ് അംഗം

Advertisement
Advertisement