കെ.പി.അപ്പൻ എന്ന മായാത്ത മുദ്ര

Wednesday 15 December 2021 1:00 AM IST

കെ.പി. അപ്പന്റെ ഓർമ്മകൾക്ക് 13 വയസ്

കെ.പി.അപ്പൻ എന്ന നിരൂപകനെയാണോ അദ്ധ്യാപകനെയാണോ വ്യക്തിയെ ആണോ കൂടുതൽ ഇഷ്ടമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇതെല്ലാം ചേർന്ന ആ സമഗ്ര വ്യക്തിയെയാണ് ഇഷ്ടപ്പെടുന്നതെന്ന് ഉത്തരം കിട്ടിയിട്ടുമുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആ മഹാമനീഷിയെ പരിചയപ്പെടാനും അദ്ദേഹവുമായി കൂടുതൽ അടുക്കാനും സ്നേഹവാത്സ്യങ്ങൾ അനുഭവിക്കാനും ഇടയായതിൽ ഏറ്റവും സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.

ആധുനിക മലയാള സാഹിത്യ നിരൂപണത്തിന് തുടക്കം കുറിച്ചത് കെ.പി. അപ്പനാണെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' 1973 ൽ ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ ആധുനിക വിമർശകരുടെ മാനിഫെസ്റ്റോ ആയി തീരുകയായിരുന്നു അത്. ആധുനികതയുടെ വക്താക്കളായിരുന്ന കാമു, കാഫ്ക, ഷെനെ തുടങ്ങിയവരെ പരിചയപ്പെടുത്തുകയും ആധുനിക വിമർശകരുടെ നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്.

അപ്പൻ സാറിനെ ഞാൻ അറിയുന്നത് തന്നെ സുവിശേഷരചന യുവമനസുകളെ അദ്ദേഹത്തിന്റെ ആരാധകരാക്കിയ കാലത്താണ്. ഓരോ ഇടതുപക്ഷ വിദ്യാർത്ഥിക്കും അപ്പൻ സാറിനോട് എന്തെന്നു പറയാനാവാത്ത അടുപ്പം ഉണ്ടായിത്തുടങ്ങിയ കാലത്തായിരുന്നു അത് . ക്ഷോഭിക്കുന്നവരുടെ സുവിശേഷം കഴിഞ്ഞ് 'തിരസ്കാരം' ഇറങ്ങി കത്തി നില്‌ക്കുന്ന സമയവുമായിരുന്നു അത്. തിരസ്കാരം വാസ്തവത്തിൽ ഒരു സാഹിത്യ നിലപാടിന്റെ പുസ്തകമായിരുന്നു. തിരസ്കാരത്തിലെ നിലപാടുകളെ വിമർശിച്ചുകൊണ്ട് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ ഞാൻ 1981 ൽ ഒരു ലേഖനമെഴുതി. അപ്പൻ സാറും അത് വായിച്ചു. പിന്നീട് 'അപ്പൻ വ്യക്തിയും വിമർശകനും' എന്ന പുസ്തകം ഇംപ്രിന്റ് ബുക്സ് ഇറക്കുമ്പോൾ അപ്പൻ സാർ തന്നെ 'തിരസ്കാരത്തിന്റെ മൃതിസാരം' എന്ന ആ ലേഖനം പ്രസാധകരോട് പറഞ്ഞ് ആ പുസ്തകത്തിൽ ചേർത്തു. ചെറുപ്പത്തിന്റെ തിളപ്പ് സമ്മാനിച്ച ധൈര്യം ഒന്നുകൊണ്ടുമാത്രം ഞാനെഴുതിയ ലേഖനം ആ പുസ്തകത്തിൽ അദ്ദേഹത്തിന്റെ തന്നെ പ്രത്യേക താത്‌പര്യത്തോടെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ വിശാലമായ സർഗാത്മകത ഒന്നുകൊണ്ടു മാത്രമായിരുന്നു. എന്നിലെ വായനക്കാരനെയും എഴുത്തുകാരനെയും ഉദ്ദീപിപ്പിച്ച സംഭവമായിരുന്നു അത്.

എഴുത്തിന്റെയും ഭാഷയുടെയും ലാവണ്യം, സൃഷ്ടിയിൽ അനേകം പാഠങ്ങൾ നിർമ്മിക്കാനുള്ള കഴിവ്, ആകെ കൂടി സൗന്ദര്യത്തിന്റെ രസാവഹമായ ആ ഇടകലർപ്പ് എന്റെ തലമുറയെ ശരിക്കും കൊതിപ്പിച്ചിട്ടുണ്ട്.വായനയുടെ അഗാധതകളിൽ അഭിരമിച്ച് മുങ്ങിയും നീന്തിയും പിന്നിട്ട ആയുഷ്കാലമായിരുന്നു അപ്പൻ സാറിന്റേത്. ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിൽ മലയാള വിമർശനത്തിൽ കല്ലുകടിച്ചു കിടന്ന അടിസ്ഥാന സൗന്ദര്യദർശന രീതിയുടെ അടിയിളക്കാനുള്ള ശ്രമമാരംഭിച്ചു. അക്കാലത്ത് നിലനിന്നിരുന്ന യാഥാസ്ഥിതിക അക്കാഡമിക് വിമർശന രീതിക്കെതിരെ നടത്തിയ സൗമ്യവും ദീപ്തവുമായ നിരന്തര ആക്രമണങ്ങളും അപ്പൻ സാറിന്റെ രചനയിൽ ഉണ്ടായിരുന്നു.

ക്ഷോഭിക്കുന്നവരുടെ സുവിശേഷം തന്റെ കാലത്തെ സാഹിത്യവിമർശന ധാരയെ, തന്നോടൊപ്പം നടത്തിയ രചനാ വൈഭവമാണ് കാട്ടിത്തരുന്നത്. ഈ രചനയെ അദ്ദേഹം തന്നോട് എതിർപ്പുള്ളവർക്ക് പോലും പ്രിയങ്കരമായ അനുഭവമാക്കി മാറ്റി. ബൈബിളിനെ വെളിച്ചത്തിന്റെ കവചമാക്കി അദ്ദേഹം. ആധുനികതയുടെ ചുഴറ്റിയ ചാട്ടവാറായിരുന്നു അപ്പൻ സാറിന്റെ എഴുത്ത്. തന്റെ അരാഷ്ട്രീയമായ നിലപാട് കരുതിക്കൂട്ടി എടുത്തതെല്ലെന്നും അത് ഒരു ജന്മവാസന ആണെന്നും പ്രഖ്യാപിച്ച് അപ്പൻസാർ ആധുനികതയ്ക്ക് പില്‌ക്കാലത്ത് വന്നു പിണഞ്ഞ നിശ്ചലതയെ മുൻകൂട്ടി അറിഞ്ഞ് ആ ദുരന്തത്തെ മറികടക്കാൻ ആഹ്വാനം ചെയ്തു.

സാഹിത്യ പ്രവർത്തക സഹകരണസംഘം ആയിരുന്നു അന്ന് ക്ഷോഭിക്കുന്നവരുടെ സുവിശേഷം ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. പിന്നീട് പല പതിപ്പുകൾ മറ്റു പ്രസാധകർ ഇറക്കി. ഇപ്പോളത് വീണ്ടും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കൈകളിൽ എത്തിയിരിക്കുന്നു. അപ്പൻ സാറിന്റെ 13 -ാം ചരമവാർഷിക ദിനമായ ഇന്ന് സ്പീക്കർ എം.ബി. രാജേഷ് പ്രശസ്ത എഴുത്തുകാരി ഗ്രേസിക്കു നല്കി പുതിയ പതിപ്പ് പ്രകാശനം ചെയ്യുകയാണ്. 2009 മുതൽ സാറിന്റെ ചരമദിനം അർത്ഥപൂർണമായി ആചരിച്ചുവരുന്ന കൊല്ലം നീരാവിൽ നവോദയം ഗ്രന്ഥശാലയിലെ അനുസ്‌മരണ ചടങ്ങിലാണ് പ്രകാശന ചടങ്ങും നടക്കുന്നത്.

ആ വലിയ നിരൂപകന്റെയും അദ്ധ്യാപകന്റെയും സ്നേഹനിധിയുടെയും സ്മരണകൾക്ക് മുമ്പിൽ നമസ്‌കരിക്കുന്നു.

Advertisement
Advertisement