ഹെയ്തിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറി : 50 മരണം

Wednesday 15 December 2021 1:44 AM IST

പോർട്ട് ഒ പ്രിൻസ് : ഹെയ്തിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ 50 പേർ വെന്തു മരിച്ചു. കാപ് ഹെയ്തിയൻ നഗരത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.സ്ഫോടനത്തെ തുടർന്ന് പ്രദേശത്തെ 20 വീടുകൾ അഗ്നിക്കിരയായി. കുറഞ്ഞത് 54 പേരെങ്കിലും അഗ്നിക്കിരയായെന്നാണ് സൂചനയെന്നും ആരേയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും നഗരത്തിന്റെ ഡപ്യൂട്ടി മേയർ പാട്രിക് അൽമനോർ പറഞ്ഞു. ദുരന്തത്തെ തുടർന്ന് അടുത്തുള്ള ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു കവിഞ്ഞുവെന്നാണ് വിവരം. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിക്കാൻ ലോറി ഡ്രൈവർ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ട്രക്ക് മറിയുകയായിരുന്നു. തുടർന്ന് ഏതാനും മിനിട്ടുകൾക്കകം സ്ഫോടനം നടന്നു. സംഭവ സ്ഥലത്തേക്ക് ആളുകൾ ഓടിക്കൂടിയത് മരണ സംഖ്യ ഉയരാൻ കാരണമായെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഹെയ്തിയൻ പ്രധാനമന്ത്രി ഏരിയൽ ഹെൻറി അനുശോചനം രേഖപ്പെടുത്തി. മൂന്നു ദിവസം രാജ്യവ്യാപകമായി ദുഖാചരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Advertisement
Advertisement