പെഗസസ് യൂണിറ്റ് അടച്ചുപൂട്ടാനൊരുങ്ങി എൻ.എസ്.ഒ

Wednesday 15 December 2021 1:50 AM IST

വാ​ഷിംഗ്ടൺ : പ്രമുഖ ലോകനേതാക്കളുടെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഒ,​ തങ്ങളുടെ ചാരസോഫ്റ്റ്‌വെയറായ പെഗസസ് നിറുത്തലാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് എൻ.എസ്.ഒ ഗ്രൂപ്പ് അടച്ചുപൂട്ടലിനെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് വിവരം. പെഗസസ് യൂണിറ്റ് അടച്ചുപൂട്ടി കമ്പനി വിൽക്കുന്നതിനായി ചർച്ചകൾ ആരംഭിച്ചതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രണ്ട് അമേരിക്കൻ നിക്ഷേപക കമ്പനികളാണ് ഇതിനായി എൻ.എസ്.ഒ യുമായി ചർച്ച നടത്തുന്നത്. 45 കോടി ഡോളറിന്റെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. കടബാധ്യത തീർക്കുന്നതിന് ആദ്യ ഘട്ടത്തിൽ 20 കോടി ഡോളർ സ്വീകരിച്ച് കമ്പനിയുടെ സൈബർ സുരക്ഷ വിശദാംശങ്ങൾ കൈമാറുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അതേ സമയം വിഷയത്തിൽ എൻ.എസ്.ഒ ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകവ്യാപകമായി പ്രമുഖരുടെ ഫോൺ ചോർത്താൻ പെഗസസ് ഉപയോഗിച്ചുവെന്ന വാർത്തകളെ തുടർന്ന് എൻ.എസ്.ഒ ഗ്രൂപ്പിനെ യു.എസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അടുത്തിടെ ആപ്പിളും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് എൻ.എസ്.ഒ യ്ക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

Advertisement
Advertisement