ഇന്തൊനേഷ്യയിൽ വൻ ഭൂചലനം

Wednesday 15 December 2021 1:55 AM IST

ജക്കാർത്ത: ഇന്തോനേഷ്യൻ നിവാസികളെ ആശങ്കയിലാഴ്ത്തി രാജ്യത്ത് വൻ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെയാണ് റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം കിഴക്കൻ ഇന്തൊനേഷ്യയിൽ ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ശക്തമായ ഭൂചലനമാണുണ്ടായതെന്നും അതിനാൽ തുടർ ചലനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.നിലവിൽ ഭൂചലനത്തെ തുടർന്ന് ആളപായമോ കനത്ത നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ രാജ്യത്തുട നീളം 12 ലധികം തുടർ ചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്‌ളോറസ് കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ശക്തമായിരുന്നെങ്കിലും സുനാമിക്ക് സാദ്ധ്യതയില്ലെന്ന് പസിഫിക് സുമാനി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. തുടർന്ന് ആദ്യം നല്കിയിരുന്ന സുനാമി മുന്നറിയിപ്പ് ഇന്തൊനേഷ്യൻ അധികൃതർ പിൻവലിച്ചു. ഇന്തൊനേഷ്യ ഉൾപ്പെടുന്ന പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാവുന്നത് പതിവാണ്. 2004 ൽ സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. 2018ൽ ലംബോക്ക് ദ്വീപിലുണ്ടായ ഭൂചലനത്തിൽ 550 പേരും മരിച്ചിരുന്നു.

Advertisement
Advertisement