ഗവർണർക്കെതിരായ കേസ് കലാമണ്ഡലം വി.സി പിൻവലിച്ചു

Thursday 16 December 2021 12:20 AM IST

ചെറുതുരുത്തി : പിരിച്ചു വിട്ട ജീവനക്കാരനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ താൻ നൽകിയ കേസ് പിൻവലിച്ചതായി കലാമണ്ഡലം ഭരണസമിതി യോഗത്തിൽ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അറിയിച്ചു.

കലാമണ്ഡലം കൽപിത സർവകലാശാലയിൽ പബ്ലിക് ആൻഡ് റിസർച്ച് ഓഫീസറായിരുന്ന ആർ. ഗോപീകൃഷ്ണനെ പിരിച്ചു വിട്ടതാണ് വിവാദമായത്. ഗോപീകൃഷ്ണൻ കലാകാരന്മാരുടെ ഗ്രൂപ്പ് ഓഫീസറായി 2016 ഒക്ടോബർ 29 മുതൽ നവംബർ ഒന്ന് വരെ അമേരിക്കയിലെ ലിങ്കൺ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ കഥകളി അവതരിപ്പിക്കാൻ പോയിരുന്നു. അതിന് ലഭിച്ച തുക കലാമണ്ഡലം കല്പിത സർവകലാശാലയുടെ അക്കൗണ്ടിൽ വരേണ്ടതിന് പകരം ഗോപീകൃഷ്ണന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് തുക കലാമണ്ഡലത്തിന്റെ അക്കൗണ്ടിലെത്തിയത്.

ലഭിച്ച തുകയെക്കുറിച്ചുള്ള ഗോപീകൃഷ്ണന്റെ വിശദീകരണം പരസ്പര വിരുദ്ധമായതിനെത്തുടർന്ന് കലാമണ്ഡലം ഇയാളെ പിരിച്ചു വിട്ടു.

ഇതിനെതിരായ അപ്പീലിൽ ഗോപീകൃഷ്ണന്റെയും, കലാമണ്ഡലത്തിന്റെയും പരാതി കേട്ട ഗവർണർ, ഗോപീകൃഷ്ണനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു.തുടർന്ന്, വൈസ് ചാൻസലറുടെ ഹർജിയിൽ,ഗവർണറുടെ ഉത്തരവ് 2020 ഏപ്രിൽ ഏഴിന് ഹൈക്കോടതി സ്റ്റേ ചെയ്തു. കലാമണ്ഡലം ഭരണസമിതിയിൽ ആലോചിച്ചെങ്കിലും, വൈസ് ചാൻസലർ വിഷയം സർക്കാരുമായി ആലോചിച്ചിരുന്നില്ല. സംഭവത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ വൈസ് ചാൻസലറെ തള്ളിപ്പറയുകയും, ഗവർണറോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. സർക്കാർ ആവശ്യപ്പെട്ടിട്ടും, ആറ് മാസം കഴിഞ്ഞാണ് കേസ് പിൻവലിച്ചത്. ഗവർണർ നിർദ്ദേശിച്ച പ്രകാരം ഗോപീകൃഷ്ണന് സർവകലാശാലയിൽ പുനർ നിയമനം നൽകിയില്ല. ഇക്കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാൽ ഗോപീകൃഷ്ണനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഭരണസമിതി തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.

Advertisement
Advertisement