ആളുന്നു, പ്രതിഷേധം , അതിവേഗ പാത ത്രിശങ്കുവിൽ !

Saturday 18 December 2021 12:00 AM IST

കോട്ടയം : ആക്ഷൻ കൗൺസിലിന്റെയും യു.ഡി.എഫിന്റെയും ശക്തമായ പ്രക്ഷോഭത്തിൽ പ്രാരംഭ നടപടികൾ പോലും തടസപ്പെട്ടതോടെ അതിവേഗ റെയിൽ പാത 'ത്രിശങ്കു'വിലായി. ബി.ജെ.പിയും പദ്ധതിക്കെതിരെ രംഗത്തുവന്നതോടെ കേന്ദ്ര നിലപാട് അനുകൂലമാകുമോ എന്ന സംശയവും ബലപ്പെട്ടു.

മുപ്പതിൽപരം നദികളെ മറികടന്നാണ് അതിവേഗ പാത വിഭാവനം ചെയ്തിരിക്കുന്നത് . 292.73 കിലോമീറ്റർ മാത്രമാണ് ഭൂനിരപ്പിലൂടെ പോകുന്നത്. മലകൾ ഇടിച്ചു നിരത്തി 101. 74 കിലോമീറ്ററും ഭൂമി ഇടിച്ചു താഴ്ത്തി മുകൾ ഭാഗം കോൺക്രീറ്റ് ചെയ്ത് 24.79 കിലോമീറ്ററും തൂണുകൾക്കു മുകളിലൂടെ 88.41 കിലോമീറ്ററും തുരങ്കത്തിലൂടെ 11.53 കിലോ മീറ്ററും പാത കടന്നു പോകുന്നു. സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചിട്ടും പരിസ്ഥിതി ആഘാത പഠനം നടന്നിട്ടില്ലെന്നും വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കിയിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

കുറഞ്ഞ പരിസ്ഥിതി ആഘാതമേ പദ്ധതി ഉണ്ടാക്കൂ , കുടുതൽ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. ഏറ്റെടുക്കുന്ന സ്ഥലത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ വാദം. ഓരോ താലൂക്കിലും തഹസിൽദാർമാരെ നിയമിച്ച് പ്രാരംഭ നടപടികൾ ഊർജിതമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിഷേധം കാരണം പ്രവർത്തനം മുന്നോട്ടു നീക്കാൻ കഴിയുന്നില്ല

 കോട്ടയത്ത് ഇന്ന് കളക്ടറേറ്റ് മാർച്ച്

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കോട്ടയത്ത് മാർച്ച് നടത്തും. രാവിലെ 10ന് തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് കളക്ടറേറ്റിലേക്കുള്ള പ്രതിഷേധ മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ അതിവേഗ പാത കടന്നു പോകുന്ന പ്രദേശങ്ങൾ


 ചങ്ങനാശ്ശേരി താലൂക്ക്: മാടപ്പള്ളി, തോട്ടക്കാട്, വാകത്താനം

കോട്ടയം താലുക്ക്: ഏറ്റുമാനൂർ, മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്, പേരൂർ, പെരുമ്പായിക്കാട്, പുതുപ്പള്ളി, വിജയപുരം

മീനച്ചിൽ താലൂക്ക് : കാണക്കാരി, കുറവിലങ്ങാട്

വൈക്കം താലൂക്ക് : കടുത്തുരുത്തി, മുളക്കുളം,ഞീഴൂർ

 125000 കോടിയുടെ പദ്ധതി

പദ്ധതി ലാഭക്കൊതി മൂത്ത്

' കടക്കെണിയിലായ കേരളത്തെ ഒന്നേകാൽ ലക്ഷം കോടിയുടെ സിൽവർ ലൈൻ പദ്ധതി തകർക്കും. സംസ്ഥാനത്തെ രണ്ടായി മുറിക്കുന്നതും ജനങ്ങൾക്ക് വേണ്ടാത്തതുമായ പദ്ധതി അടിച്ചേൽപ്പിക്കാൻ സി.പി.എം ശ്രമിക്കുന്നത് കമ്മിഷൻ ഇടപാട് വഴിയുള്ള ലാഭക്കൊതി മൂലമാണ്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

Advertisement
Advertisement