വയോജന സംരക്ഷണം നാടിന്റെ കടമ: മന്ത്രി മുഹമ്മദ് റിയാസ്

Saturday 18 December 2021 12:02 AM IST
മന്ത്രി മുഹമ്മദ് റിയാസ്

കതിരൂർ: വയോജനങ്ങളുടെ ശാരീരിക മാനസിക സംരക്ഷണം ഉറപ്പു വരുത്തുക എന്നത് സർക്കാരിനൊപ്പം തന്നെ നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കതിരൂർ പഞ്ചായത്തിൽ നിർമ്മിച്ച ഇ.കെ നായനാർ പകൽ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയോജന സംരക്ഷണത്തിന് ഉയർന്ന പരിഗണന നൽകുന്ന സർക്കാരാണ് നമ്മുടേത്. വാതിൽപ്പടി സേവനത്തിൽ മുൻഗണന നൽകിയിരിക്കുന്നത് അവർക്കാണ്. കൊവിഡ് കാലത്ത് കരുതലോടെയുള്ള സമീപനം ആണ് വയോജനങ്ങളുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എ.എൻ ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റംല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്‌സൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി സന്തോഷ്, വാർഡ് മെമ്പർ ടി.കെ. ഷാജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി. സുഭാഷ്, എ.പി. പ്രസന്ന, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ സി.എസ്. ഷിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പൊന്ന്യം കൃഷ്ണൻ, എ.വി. ദാമോദരൻ, പി. പ്രസന്നൻ, എ. വാസു, സുഗീഷ് പൊന്ന്യം തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement