കണ്ണട വച്ച് കുട്ടിപ്പട്ടാളം

Saturday 18 December 2021 12:00 AM IST

ആലപ്പുഴ: പഠനം ഓൺലൈനായതോടെ കുട്ടിപ്പട്ടാളങ്ങൾക്ക് കൂട്ടായി കണ്ണടകൾ. ഷോർട്ട് സൈറ്റ് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളാണ് കണ്ണടവയ്ക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ചത്. സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഒമിക്രോൺ ഭീതിയിൽ യു.പി തലം വരെ ഓൺലൈൻ ക്ലാസുകൾ തുടരുകയാണ്.

ചെറിയ കണ്ണടകൾക്ക് പകരം വലിയ വട്ടത്തിലും ചതുരത്തിലും വിവിധ നിറങ്ങളിലുമുള്ള കണ്ണടകൾക്കാണ് ആവശ്യക്കാരേറെ. 500 രൂപ മുതതൽ 3,​000 രൂപ വരെയുള്ള കണ്ണടകളാണ് കൂടുതൽ വിൽപ്പന നടക്കുന്നത്. മാസ്ക് ധരിച്ചിരിക്കുന്നതിന് മുകളിൽ കണ്ണട വയ്ക്കുമ്പോൾ ഈർപ്പം അടിയുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

മൊബൈൽ സ്‌ക്രീനിൽ നിന്ന് ക്ലാസ്‌മുറികളിലേക്കെത്തിയപ്പോൾ ബോർഡിൽ എഴുതുന്നത് വായിക്കാനാകുന്നില്ലെന്നും അക്ഷരങ്ങൾ ഓടിക്കളിക്കുകയാണെന്നും കുട്ടികൾ പറയുന്നു. എന്നാൽ കൊവിഡിന് മുമ്പും ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതായി ഡോക്ടർമാർ പറയുന്നു. പുതുതലമുറ ഓൺലൈൻ ഗെയിമിന് പിന്നാലെ പോകുന്നതും കണ്ണുകൾക്ക് ദോഷം ചെയ്യുന്നുണ്ട്.

ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ്

1. അടുത്തുള്ള കാഴ്ചകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതാണ് കാരണം

2. കുട്ടികൾ ടി.വി, വീടിനുള്ളിലെ കാഴ്ചകളിൽ ഒതുങ്ങുന്നു

3. ഓൺലൈൻ പഠനം അതിലൊരു കാരണം മാത്രം

4. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം വർദ്ധിച്ചു

5. മറ്റു കാര്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നത് കുറയ്ക്കണം

6. അമിതമായ പുസ്തക വായനയും ഷോർട്ട് സൈറ്റിന് കാരണമാകും

കണ്ണിനും വേണം വിശ്രമം

1. പഠന ഇടവേളകളിൽ കുട്ടികളെ വീടിന് പുറത്തേക്ക് വിടണം

2. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കളികളിൽ ഏർപ്പെടണം

3. പ്രകൃതിയുമായി ഇടപഴകി ദൂരക്കാഴ്ചകൾ കാണിക്കണം

4. പഠനത്തിനിടെ കണ്ണിന് ആയാസമില്ലാത്ത വ്യായാമം ചെയ്യണം

5. ഉറക്കം കണ്ണുകൾക്ക് വിശ്രമ സമയമാണ്

6. കണ്ണുകൾക്ക് ആവശ്യത്തിന് വിശ്രമം നൽകണം

""

കൊവിഡിനെ തുടർന്ന് കുട്ടികളെ പുറത്തേക്കിറക്കാത്തതിനാൽ അകലക്കാഴ്ചകൾ അന്യമായി. ഇത് ഷോർട്ട് സൈറ്റിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. കണ്ണട വയ്ക്കേണ്ടിവന്നാൽ പിന്നീടത് തുടരേണ്ടിവരും. അതിനാൽ കണ്ണുകൾക്ക് ആവശ്യമായ വിശ്രമം നൽകണം.

ജയിംസ്, നേത്രരോഗ വിദഗ്ദ്ധൻ

Advertisement
Advertisement