മിണ്ടാപ്രാണികൾക്ക് അന്നമൂട്ടി പ്രസന്നൻ

Saturday 18 December 2021 12:00 AM IST

മാന്നാർ: മിണ്ടാപ്രാണികളായ നായ്ക്കളും പൂച്ചകളും പറവകളും വിശക്കുമ്പോൾ മൂന്നുനേരവും ഓടിയെത്തുന്നത് മാന്നാർ കുരട്ടിശേരി പെരുവുംകുളത്ത് വീട്ടിൽ പ്രസന്നന്റെ (60) അടുത്തേക്കാണ്. മാന്നാർ കുറ്റിയിൽ മുക്കിലെ രേഷ്മാ ഫാൻസി സെന്ററിൽ ഇവയ്ക്കായി പ്രസന്നൻ ഭക്ഷണവും കരുതിയിരിക്കും.
തന്റെ കടയുടെ ഓരത്താണ് ഇവയ്ക്ക് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെ സമയമാകുമ്പോൾ പ‌തിനഞ്ചോളം നായ്ക്കൾ സ്ഥിരമായി എത്താറുണ്ട്. കൂടാതെ ചില സയങ്ങളിൽ പ്രാവുകളും പൂച്ചകളുമൊക്കെ ഭക്ഷണം തേടിയെത്തും. ഇവയ്ക്കും ഭക്ഷണം നൽകിയ ശേഷമേ പ്രസന്നൻ ഭക്ഷണം കഴിക്കാറുള്ളൂ. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണവും കൈയിൽ കരുതും. ഭക്ഷണം കഴിച്ചശേഷം ഇവ നാട്ടുകാർക്കും ശല്യമുണ്ടാക്കാറില്ല.

കട തുറക്കാൻ അൽപ്പം വൈകിയാൽ നായ്ക്കൾ കൂട്ടമായി കടത്തിണ്ണയിൽ തങ്ങളുടെ അന്നദാതാവിനെ കാത്തിരിക്കും. രാത്രിയിൽ കടയ്ക്ക് കാവലായും ഇവയുണ്ടാവും. ലോക്ക്ഡൗൺ കാലത്ത് കട തുറക്കാതിരുന്നപ്പോഴും ഇവയ്ക്ക് അന്നം മുടക്കിയിരുന്നില്ല. സഹായത്തിനായി ഭാര്യ ഷീലാ പ്രസന്നനും മകൾ രേഷ്മയും ഒപ്പമുണ്ട്. നാദസ്വര വിദ്വാന്മാരായ മാന്നാർ സഹോദരങ്ങളിൽ ഇളയ ആളായ പി.എൻ. രാമചന്ദ്ര പണിക്കരാണ് പ്രസന്നന്റെ പിതാവ്.

Advertisement
Advertisement