കെ-റെയിലിന് കേന്ദ്ര മന്ത്രിയുമായി ഇടത് എം.പിമാരുടെ കൂടിക്കാഴ്ച

Saturday 18 December 2021 12:46 AM IST

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന കെ-റെയിൽ പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകണമെന്ന് ഇടത് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് ആവശ്യപ്പെട്ടു.

ഭൂമിക്കടിയിലൂടെയും തൂണുകൾക്ക് മുകളിലൂടെയും ട്രെയിൻ ഓടുന്ന പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് അവർ ധരിപ്പിച്ചു. നിലവിലുള്ള റെയിൽപാതയ്‌ക്ക് വെള്ളപ്പൊക്കെ ഭീഷണിയില്ലാത്തതിനാൽ കെ-റെയിലിനും കുഴപ്പമുണ്ടാകില്ല. ജനങ്ങളുടെ ആശങ്ക സംസ്ഥാന സർക്കാർ അകറ്റും. ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ട പദ്ധതിയെ രാഷ്‌ട്രീയ അജണ്ടയുമായി ചിലർ എതിർക്കുകയാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.

പദ്ധതി രേഖ പരിഗണനയിലാണെന്നും എത്രയും വേഗം തീരുമാനം എടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. പാർലമെന്റ് മന്ദിരത്തിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ സി.പി.എം എം.പിമാരായ എളമരം കരീം, ഡോ. വി. ശിവദാസൻ, എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ പങ്കെടുത്തു.

യു.ഡി.എഫ് എം.പിമാരുമായി മന്ത്രി അടുത്തയാഴ്ച ചർച്ച നടത്തുന്നുണ്ട്. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് 18 കോൺഗ്രസ് എം.പിമാർ ഒപ്പിട്ട നിവേദനം നൽകിയതിനെ തുടർന്നാണ് മന്ത്രി ചർച്ചയ്‌ക്ക് വിളിച്ചത്. പിന്നാലെ തങ്ങളെയും ചർച്ചയിൽ പങ്കെടുപ്പിക്കണമെന്ന് ഇടത് എം.പിമാർ ആവശ്യപ്പെട്ടു. അതോടെ പ്രത്യേകം ചർച്ച വേണമെ

ന്നായി യു.ഡി.എഫ് എം.പിമാർ.

കേന്ദ്ര സർക്കാരിന്റെ പതാകവാഹക പദ്ധതിയായ മുംബയ് - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്ത സി.പി.എം കേരളത്തിൽ അതിവേഗ ട്രെയിൻ സർവീസ് തുടങ്ങുന്നത് വിരോധാഭാസമാണെന്നും പാർട്ടി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എതിർക്കപ്പെടേണ്ട 10 പദ്ധതികളിലൊന്നായി പാർട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച അതിവേഗ റെയിൽ കേരളത്തിൽ നടപ്പാക്കുന്നതിന്റെ യുക്തിയെന്തെന്ന് ബോധ്യപ്പെടുത്തണം.

Advertisement
Advertisement