ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്ഥാൻ മാറിയെന്ന് യു.എസ്

Friday 17 December 2021 11:45 PM IST

വാഷിംഗ്ടൺ: രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന നിലപാടാണ് പാകിസ്ഥാൻ സ്വീകരിക്കുന്നതെന്ന് യു.എസ് പ്രതിരോധ റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് യു.എസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയെ ലക്ഷ്യമിട്ട് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ലഷ്കർ ഇ തയിബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ മുഖ്യ കേന്ദ്രം പാകിസ്ഥാനാണ്. പാകിസ്ഥാൻ ഭീകരതയെ ഇല്ലായ്മ ചെയ്യാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല,​ കൊടുഭീകരരെ എല്ലാ സൗകര്യവും നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. 2008 ലെ മുംബയ് ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനും ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനുമായ മസൂദ് അസറും ലഷ്‌കർ ഭീകരനായ സജിദ് മിറും കുറ്റക്കാരായിട്ടും അവർ പാകിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2015 ൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ദേശീയ ഭീകരവിരുദ്ധ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് പാകിസ്ഥാനിനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിറുത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകര വിരുദ്ധ പോരാട്ടത്തിൽ പാക് സർക്കാരിന്റെ മെല്ലപ്പോക്ക് നയത്തെ വിമർശിച്ച് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

Advertisement
Advertisement