കേന്ദ്ര മന്ത്രിമാരുടെ പേരിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്

Sunday 19 December 2021 1:48 AM IST

ലക്നൗ: യു.പിയിലെ ഇറ്റാവ ജില്ലയിലെ ആരോഗ്യകേന്ദ്രത്തിൽ നിന്നു കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരുടെ പേരുകളിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ.

വ്യാജ സർട്ടിഫിക്കറ്റിൽ അമിത് ഷായ്ക്ക് 33 വയസ്സും നിതിൻ ഗഡ്കരിക്ക് 30 വയസ്സും പിയൂഷ് ഗോയലിന് 37 വയസും ഓം ബിർലയ്ക്കു 26 വയസ്സുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് 12ന് ഇറ്റാവയിലെ സർസൈനാവർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ–1 ൽ വച്ച് ആദ്യ ഡോസ് നൽകിയെന്നും രണ്ടാം ഡോസ് 2022 മാർച്ച് 5 നും 2022 ഏപ്രിൽ 3 നും ഇടയിൽ എടുക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, 12ന് തങ്ങളുടെ ഐ.ഡി ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഇൻ -ചാർജ് പറഞ്ഞു. സർട്ടിഫിക്കറ്റിൽ കേന്ദ്രമന്ത്രിമാരുടെ പേരുകൾ ബോധപൂർവം ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി ഉന്നതതല സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഭഗവാൻ ദാസ് ഭിറോറിയ പറഞ്ഞു.

Advertisement
Advertisement