ഓപറേഷൻ കാവലിൽ കുറ്റവാസനയ്ക്ക് പിടിവീഴും !

Saturday 18 December 2021 11:19 PM IST

തൃശൂർ: മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത് തുടങ്ങിയവ തടയാനും ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുമുള്ള 'ഓപറേഷൻ കാവൽ' പദ്ധതിയുടെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നു. വിവിധ സ്റ്റേഷനിലുള്ള പൊലീസുകാരും ഷാഡോ ടീമിലുള്ളവരും അടക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂമിന്റെ സഹായത്തോടെയാകും പ്രവർത്തനം.

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക സ്‌പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കുന്നുണ്ട്. ഇതിൽ ഉൾപ്പെട്ടവരെ കർശനമായി നിരീക്ഷിക്കും. ജാമ്യത്തിലിറങ്ങിയവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യും. ഇതിനായി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും. ക്രിമിനൽകേസിലെ പ്രതികളുടെയും കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെയും നീക്കം മനസിലാക്കി അന്വേഷണം ഊർജ്ജിതമാക്കും. സംശയാസ്പദ സാഹചര്യങ്ങളിൽ അവരുടെ സങ്കേതങ്ങളിൽ പരിശോധന നടത്തും. ഡി.ജി.പിയാണ് പദ്ധതി സംബന്ധിച്ച നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ ജില്ലാ പൊലീസ് മേധാവിമാർ മുഖേന സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാർ എല്ലാ ദിവസവും രാവിലെ പൊലീസ് മേധാവിക്ക് ലഭ്യമാക്കും.

ഒളിവിലുള്ളവരെയും കുടുക്കും

വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം ഒളിവിൽ കഴിയുന്നവരെയും ജില്ലാ പൊലീസ് മേധാവിമാർ രൂപം നൽകിയ പ്രത്യേകസംഘം കുടുക്കും. നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഡാറ്റാ ബേസ് ജില്ലാതലത്തിൽ തയ്യാറാക്കുന്നുണ്ട്. ആവശ്യമെങ്കിൽ കാപ്പാ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവൻ വിവരങ്ങളും ജില്ലാ പൊലീസ് മേധാവിമാർ തയ്യാറാക്കുന്നുണ്ട്.

അറസ്റ്റ് ഉടൻ

വിവിധ അക്രമസംഭവങ്ങളിലായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ട അക്രമികളെ ഏതാനും ദിവസത്തിനകം അറസ്റ്റ് ചെയ്യും. അക്രമപ്രവർത്തനങ്ങൾക്കായി ആസൂത്രണവും ഗൂഢാലോചനയും നടത്തുന്നവരും പിടിയിലാകും. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും.

18 ഗുണ്ടകളെ നാടുകടത്തി

ഈ വർഷം തൃശൂർ റേഞ്ചിന്റെ കീഴിലുള്ള തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്ന് മാത്രമായി 18 ഗുണ്ടകളെയാണ് നാടുകടത്തിയത്. സിറ്റി പരിധിയിൽ നിന്ന് ഏഴ് പേരും റൂറലിൽ നിന്ന് രണ്ട് പേരും പാലക്കാട് , മലപ്പുറം ജില്ലയുടെ പരിധിയിൽ നിന്ന് ആറ് പേരുമാണുള്ളത്. പൊലീസ് മേധാവിമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗുണ്ടകളെ ജില്ലാ മജിസ്‌ട്രേറ്റുമാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.

ഈ വർഷം നടപടികൾ ഇങ്ങനെ

റൗഡികളായി പ്രഖ്യാപിച്ചത്: 3 ജില്ലകളിലെ 602 ഓളം ക്രിമിനലുകളെ
മുൻ കരുതൽ നടപടി: 2721 പേർക്കെതിരെ
നല്ലനടപ്പ് ജാമ്യത്തിനുള്ള ഉത്തരവിറക്കിയത്: 584 പേർക്കെതിരെ

ചെറിയ അക്രമങ്ങളും മറ്റും ബന്ധപ്പെട്ട സ്റ്റേഷനുകൾ തന്നെ പരിഗണിക്കും. സാധാരണ വാഹനഅപകടങ്ങളല്ലാതെ, വാഹനം ഇടിച്ചിട്ട് നിറുത്താതെ പോകുന്ന കേസുകളിലും ഇടപെടലുണ്ടാകും.

എം.കെ ഗോപാലകൃഷ്ണൻ
എ.സി.പി.

Advertisement
Advertisement