പച്ചക്കറി വില കുതിക്കുന്നു,​ അടുക്കള വിട്ടിറങ്ങുന്ന അവിയലും സാമ്പാറും

Sunday 19 December 2021 12:48 AM IST

വെഞ്ഞാറമൂട്: മലയാളിക്ക് സദ്യവട്ടത്തിന് ഒഴിവാക്കാനാകാത്ത അവിയലും, സാമ്പാറും അടുക്കളയിൽ നിന്ന് ഒഴിവാക്കുന്നു. ദിനംപ്രതി പച്ചക്കറി വില കൂടുന്നതാണ് കാരണം. സർക്കാർ നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി പച്ചക്കറി വില ഓരോ ദിവസവും റോക്കറ്റ് പോലെ കുതിക്കുകയാണ്. മുരിങ്ങക്ക, തക്കാളി, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ മാസത്തെക്കാൾ കിലോഗ്രാമിന് 50 മുതൽ മുകളിലേക്കാണ് വില വർദ്ധിച്ചിരിക്കുന്നത്. മണ്ഡലകാലമായതിനാൽ പച്ചക്കറിക്ക് ഡിമാന്റ് കൂടി.

ക്രിസ്മസും ന്യൂ ഇയറും അടുത്തെത്തിയതോടെ വില വീണ്ടും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണം. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തമിഴ്നാട്ടിലെ പച്ചക്കറി കൃഷി നശിച്ചു. മഴയെ അതിജീവിച്ച കൃഷിയിടങ്ങളിൽ നിന്ന് പച്ചക്കറികളെത്തിയതോടെ ഇടയ്ക്ക് വില കുറഞ്ഞിരുന്നു. ഇതും നിലച്ചതാണ് രണ്ടാഴ്ചയോളം കുറഞ്ഞിരുന്ന വില വീണ്ടും ഉയരാൻ കാരണം.

തിരിച്ചടിയായി കനത്തമഴയും കൃഷിനാശവും

1. അന്യസംസ്ഥാന പച്ചക്കറി വരവ് കുറഞ്ഞു

2. മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചു

3. വൃശ്ചികക്കാറ്റ് പച്ചക്കറികളുടെ ചുവട് ചീയിച്ചു

4. കരക്കൃഷികൾ കരിഞ്ഞുണങ്ങി

5. വീടുകളിലെ അടുക്കളത്തോട്ടവും ഇല്ലാതായി. നാടൻ ഉത്പന്നങ്ങൾ ലക്ഷ്യമാക്കിയും വില നിയന്ത്രിക്കാനുമായി പഞ്ചായത്തുകൾ തോറും കൃഷിഭവൻ ആരംഭിച്ച ആഴ്ച ചന്തകളാണ് ജനങ്ങളുടെ ഏക ആശ്വാസം. എന്നാൽ ഇവിടയും പച്ചക്കറി ലഭ്യത കുറഞ്ഞു. സർക്കാർ സംരംഭമായ ഹോർട്ടികോർപ്പിലും പൊതുവിപണിയെക്കാൾ നേരിയ വിലക്കുറവേയുള്ളൂ.

വില കിലോഗ്രാമിന് (നിലവിലെയും, കഴിഞ്ഞ മാസത്തെയും)

ചുവന്നുളളി: 60 (25)

കിഴങ്ങ്: 35 (40)

സവാള വലുത്: 35 (18)

ഇഞ്ചി: 40(40)

കോവയ്ക്ക: 80 (40)

മുരിങ്ങയ്ക്ക: 350 (100)

തക്കാളി: 70 (30)

പച്ചക്കായ: 40 (20)

കാബേജ്: 70 (30)

വെളുത്തുള്ളി: 100 (80)

ബീൻസ്: 70 (30)

വള്ളിപ്പയർ: 80 (30)

കാരറ്റ്: 80 (50)

വഴുതന: 80(23)

വെണ്ടയ്ക്ക: 80 (35)

പാവയ്ക്ക: 80 (45)

മത്തങ്ങ: 30 (25)

പടവലം: 70(25)

പച്ചമുളക്: 80 (45)

വെള്ളരിക്ക: 80 (38)

Advertisement
Advertisement