അരങ്ങൽ മഹാദേവക്ഷേത്ര മഹോത്സവം ഇന്ന് മുതൽ

Monday 20 December 2021 12:01 AM IST

നെയ്യാറ്റിൻകര: വെൺപകൽ അരങ്ങൽ മഹാദേവക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവം ഇന്ന് മുതൽ 29വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ഉത്സവ കാര്യാലയ ഓഫീസ് ഉദ്ഘാടനം നെയ്യാറ്റിൻകര തഹസീൽദാർ ശോഭാ സതീഷ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. സബ് ഗ്രൂപ്പ് ഓഫീസർ വിവേക് പോറ്റി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ. സനൽകുമാർ, സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡന്റ് പി. സതീഷ് കുമാർ, വാർഡ് മെമ്പർ മായാറാണി, ഉപദേശക സമിതി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, കര കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് രാവിലെ മൃത്യുഞ്ജയഹോമം, 7ന് പൊങ്കാല എന്നിവ നടക്കും. പൊങ്കാലയിടാൻ വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. 7.30ന് ഉഷപൂജ, ദീപാരാധന, ശ്രീബലി എഴുന്നള്ളത്ത്, 9,30ന് ക്ഷീരധാര, 10ന് 108 ധാര തുടർന്ന് 11.30ന് ക്ഷേത്രം തന്ത്രി തിരുവല്ലം തെക്കേടത്ത് കുഴിക്കാട്ട് മേമന ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. വൈകിട്ട് 5ന് ഉണ്ണിഗണപതിക്ക് അപ്പംനിവേദ്യം,6.30ന് ദീപാരാധന, 7.30ന് പുഷ്‌പാഭിഷേകം തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത് എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും.

Advertisement
Advertisement