പട്ടിക്കുട്ടികളെ എറിഞ്ഞു കൊന്ന കുരങ്ങന്മാർ 'കസ്റ്റഡിയിൽ'

Monday 20 December 2021 12:52 AM IST

മുംബയ്: മഹാരാഷ്ട്രയിൽ ബീഡ് ജില്ലയിലെ മജൽഗാവിൽ 250 ഓളം നായ്‌ക്കുട്ടികളെ എറിഞ്ഞുകൊന്ന കുരങ്ങ് സംഘത്തിലെ രണ്ടെണ്ണത്തെ നാഗ്പൂർ വനംവകുപ്പ് 'കസ്റ്റഡി'യിലെടുത്തു.

രണ്ട് കുരങ്ങുകളെയും നാഗ്പൂരിലേക്ക് മാറ്റി വനത്തിലേക്ക് വിടുമെന്നും ബീഡ് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ കെണിയിലാക്കിയത്. കൂട്ടിലടച്ച കുരങ്ങന്മാരെ കാണാൻ ജനം തടിച്ചുകൂടി.

കുരങ്ങ് കുഞ്ഞിനെ നായ്ക്കൾ കടിച്ചുകീറി കൊന്നതിന് പ്രതികാരമായാണ് ഒരു മാസത്തിനിടെ 250 ഓളം നായ്‌ക്കുട്ടികളെ കുരങ്ങന്മാരുടെ സംഘം കടിച്ചുതൂക്കി എറിഞ്ഞുകൊന്നത്. നായ്‌ക്കുട്ടികളെ എടുത്ത് മരങ്ങളിൽ നിന്നും ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും കുരങ്ങൻമാർ താഴേക്ക് എറിയുകയായിരുന്നു. ഇതോടെ മജൽഗാവിലും ലവൂലിലും നായ്‌ക്കുട്ടികളില്ലാതായി. പിന്നാലെ കുരങ്ങ് സംഘം മനുഷ്യരെയും കുട്ടികളെയും ആക്രമിക്കാൻ തുടങ്ങി. നായ്ക്കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ഗ്രാമവാസികളെയും സ്‌കൂളിൽ പോകുന്ന കുട്ടികളെയും കുരങ്ങുകൾ ആക്രമിച്ചു. പൊറുതിമുട്ടിയ ഗ്രാമവാസികൾ പ്രതിഷേധം കടുപ്പിച്ചു. തുടർന്നാണ് വനംവകുപ്പ് കുരങ്ങുകളെ പിടികൂടിയത്.

Advertisement
Advertisement