ബ്രിട്ടനെ വരിഞ്ഞുമുറുക്കി ഒമിക്രോൺ: ഏഴ് മരണം, 25,000 കേസുകൾ

Monday 20 December 2021 2:29 AM IST

ലണ്ടൻ: ബ്രിട്ടനിൽ ഒമിക്രോൺ വ്യാപനം അതിഭീകരമാകുന്നു. ഇതുവരെ ഏഴ് പേർ ഒമിക്രോൺ ബാധിച്ച് മരിച്ചു. 25,000 ഓളം പേർ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ പതിനായിരം ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം, രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചത്തേയ്ക്ക് സർക്യൂട്ട് - ബ്രേക്കർ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നാണ് വിവരം. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ഒമിക്രോൺ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആഘോഷങ്ങൾക്ക് ശേഷമേ നിയന്ത്രണങ്ങൾ നിലവിൽ വരൂ എന്നാണ് റിപ്പോർട്ടുകൾ.

ജോലി സംബന്ധമായ ആവശ്യങ്ങൾക്കൊഴിച്ച് വീട്ടിനുള്ളിലടക്കം ആളുകൾ കൂടുന്നത് നിരോധിച്ചേക്കും.

 പ്രതിഷേധവുമായി ജനങ്ങൾ

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും നിലവിൽ വരുന്നതിനെതിരെ പതിനായിരങ്ങൾ പ്രതിഷേധവുമായി തെരുവിറങ്ങി. വാക്സിൻ പാസ്പോർട്ടുകൾക്കെതിരെയും വൈറസ് നിയമങ്ങൾക്കെതിരെയുമുള്ള സ്വതന്ത്ര റാലിയാണ് തങ്ങൾ നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പലയിടത്തും പ്രതിഷേധക്കാർ ബാനറുകൾ സ്ഥാപിച്ചു. ജനങ്ങൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്നതിന്റേയും പൊലീസ് അവരെ തടയുന്നതിന്റേയും വീഡിയോകൾ പ്രചരിക്കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾ കാണപ്പെടുന്നുണ്ട്.

 യാത്രാ നിയന്ത്രണവുമായി ജർമ്മനി

ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനെതിരെ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ലോകരാജ്യങ്ങൾ. ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ജർമ്മനി അറിയിച്ചു. ബ്രിട്ടനിലുള്ള ജർമ്മൻ പൗരന്മാർക്ക് രാജ്യത്തേയ്ക്ക് തിരിച്ചെത്താം. എന്നാൽ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ടാഴ്ച ക്വാറന്റൈനും നിർബന്ധമായും പാലിക്കണം. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇത് ബാധകമാണ്. ഡെന്മാർക്ക്, ഫ്രാൻസ്, നോർവേ, ലെബനൻ എന്നീ രാജ്യങ്ങളെ ജർമ്മനി ഹൈ -റിസ്ക് പട്ടികയിൽപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാനിരോധനം ബാധകമാണ്.

.

Advertisement
Advertisement