കൊലയാളി റോബോട്ടുകൾ: തീരുമാനമാകാതെ യു.എൻ യോഗം

Monday 20 December 2021 3:20 AM IST

ജനീവ: സ്വതന്ത്രമായി ചിന്തിച്ച് ആക്രമിക്കാൻ ശേഷിയുള്ള കൊലയാളി റോബോട്ടുകളെയും ഡ്രോണുകളെയും തോക്കുകളെയും ബോംബുകളെയും നിയന്ത്രിക്കാനും നിരോധിക്കാനും എന്തൊക്കെ നടപടികളെടുക്കാം എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സഭ സി.സി.ഡബ്ലിയു ഉടമ്പടിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പ്രത്യേക യോഗം ചേർന്നു. ജനീവയിൽ നടന്ന യോഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈനിക തന്ത്രങ്ങൾ, മനുഷ്യാവകാശം, നിരായുധീകരണം തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധരും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. അതേസമയം, റോബോട്ട് നിർമ്മാണത്തിൽ ഏറെ മുന്നിലുള്ള അമേരിക്കയും റഷ്യയും

നിരോധനം പാടില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. അതുകൊണ്ട് തന്നെ അവ്യക്തമായ ഒരു പ്രസ്താവനയാണ് യോഗശേഷം യു.എൻ ഇറക്കിയത്. എല്ലാവർക്കും താൽപര്യമുള്ള രീതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്.


 സി.സി.ഡബ്ല്യിയു ഉടമ്പടി
അമിതമായ പരുക്കുകൾക്കും വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമാവുന്ന പരമ്പരാഗത ആയുധങ്ങളെ നിയന്ത്രിക്കാനുള്ള ഉടമ്പടിയാണിത്. ഇന്ത്യയടക്കം 125 ലോകരാജ്യങ്ങളാണ് ഈ ഉടമ്പടിയിൽ ഒപ്പിട്ടിരിക്കുന്നത്. കൊലയാളി റോബോട്ടുകൾ പുതിയ സാങ്കേതിക വിദ്യയായതിനാൽ ഉടമ്പടിയിൽ ഉൾപ്പെട്ടിട്ടില്ല. അതിനാലാണ് പ്രത്യേക യോഗം ചേർന്നത്.

കൊലയാളി റോബോട്ടുകൾ

മനുഷ്യരുടെ നിർദ്ദേശങ്ങൾ ഇല്ലാതെ സ്വന്തമായി തീരുമാനങ്ങളെടുത്ത് ആക്രമിക്കുന്ന ആയുധങ്ങളാണ് കൊലയാളി റോബോട്ടുകൾ.ലീതൽ ഓട്ടോണോമസ് വെപ്പൺസ് സിസ്റ്റം എന്നാണ് ഇവ അറിയപ്പെടുന്നത്. ചില ആയുധങ്ങൾക്ക് വളരെ കുറച്ച് നിർദ്ദേശങ്ങൾ നൽകിയാൽ മതിയാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഇമേജ് റെക്കഗ്നീഷ്യൻ എന്നീ മേഖലകളിലെ വികാസം കൊലയാളി റോബോട്ടുകളുടെ ശേഷി കൂടാനും കാരണമായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാക്കിലും അമേരിക്ക ഉപയോഗിക്കുന്ന ഡ്രോണുകൾ ഇത്തരത്തിലുള്ളതല്ല. അമേരിക്കൻ സൈന്യം നൽകുന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവ ലക്ഷ്യം തിരഞ്ഞെടുക്കുന്നതും ആക്രമിക്കുന്നതും. ചില രാജ്യങ്ങൾ കൊലയാളി റോബോട്ടുകളെ യഥാർത്ഥ യുദ്ധങ്ങളിൽ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.


 എതിർപ്പുകൾ ?
റോബോട്ടുകളെ യുദ്ധത്തിന് ഉപയോഗിക്കരുതെന്നാണ് വിമർശകരുടെ പ്രധാന വാദം. കുട്ടികളെയും മുതിർന്നവരെയും തിരിച്ചറിയാൻ റോബോട്ടിന് കഴിയണമെന്നില്ല. കീഴടങ്ങാൻ വരുന്നയാളെയും പരുക്കേറ്റയാളെയും ശത്രുവായി തന്നെ റോബോട്ടുകൾ വിലയിരുത്താം
റോബോട്ടുകളെ നിയന്ത്രിക്കാൻ മനുഷ്യർ വേണമെന്ന നിയമം പാസാക്കണമെന്നാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ഹാർവാഡ് ലോ സ്‌കൂളും ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement
Advertisement