കേച്ചേരിക്കുരുക്ക് അഴിയും, വികസനവഴി തുറക്കാൻ മഴുവഞ്ചേരി-ചൂണ്ടൽ പാത

Sunday 19 December 2021 10:59 PM IST

തൃശൂർ: തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനും ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള ആയിരക്കണക്കിന് ഭക്തർ കടന്നുപോകുന്ന സ്ഥലവുമായ കേച്ചേരിയുടെ വികസനത്തിന് മാത്രം അഞ്ചു കോടി രൂപ വകയിരുത്തി. മഴുവഞ്ചേരി ചൂണ്ടൽ പാതയുടെ വികസനത്തിനായുള്ള എഴുപത് കോടിയിൽ നിന്നാണ് ഈ തുക നീക്കിവെയ്ക്കുക. പ്രാഥമിക സർവേക്ക് മുന്നോടിയായി സർവേ വകുപ്പിലെയും കേരള റോഡ് ഫണ്ട് ബോർഡിലെയും ഉദ്യോഗസ്ഥർ നാളെ സ്ഥലം സന്ദർശിക്കും.

കിഫ്ബിയുടെ പരിഗണനയിലുള്ള തൃശൂർ കുറ്റിപ്പുറം റോഡ് നാലുവരിപ്പാതയാക്കുന്ന പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് അഞ്ചുകോടി വകയിരുത്തിയത്. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള റോഡ് വികസനവും കേച്ചേരി ജംഗ്ഷൻ വികസനവും ഒരുമിച്ച് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. കെ.എസ്.ഇ.ബി., ജലവിതരണം എന്നീ വകുപ്പുകളോട് റോഡ് വികസനത്തിന്റെ ഭാഗമായി പൈപ്പുകളും വൈദ്യുതിലൈനുകളും മാറ്റിസ്ഥാപിക്കുന്നതിന് അടങ്കൽ തയ്യാറാക്കാനും എം.എൽ.എമാരായ എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, കളക്ടർ ഹരിത വി. കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം നിർദ്ദേശിച്ചു.

തൃശൂർ കുറ്റിപ്പുറം റോഡിൽ റീബിൽഡ് കേരള, കെ.എസ്.ടി.പി., കിഫ്ബി എന്നിവയിൽ നിന്നുള്ള തുകകൾ ഉപയോഗിച്ചുള്ള പ്രവൃത്തികൾ ഒരുമിച്ചാണുള്ളത്.

ഈ ഭാഗങ്ങളിലെ പ്രവൃത്തികൾക്ക് ഉദ്യോഗസ്ഥർ ചർച്ച ചെയ്ത് ഏകോപനമുണ്ടാക്കാനാണ് നിർദ്ദേശം. കേച്ചേരി അക്കിക്കാവ് ബൈപ്പാസ് റോഡിൽ കൈയേറ്റം കണ്ടെത്താനുള്ള സർവേ പൂർത്തിയാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ലൈസൻസുള്ള സർവേയർമാരുടെ സേവനം ഉപയോഗിച്ച് 15 ദിവസത്തിനുള്ളിൽ സ്‌കെച്ച് സമർപ്പിക്കാൻ സർവേ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിറ്റി ഗ്യാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് രൂപമാറ്റം വരുത്തിയ റോഡുകൾ പൂർവസ്ഥിതിയിലാക്കിയതിന് ശേഷം പുതിയതിന് അനുമതി നൽകിയാൽ മതിയെന്നും നിർദ്ദേശമുണ്ട്. കേച്ചേരി ജംഗ്ഷനിലെ കുരുക്കും ബസ് സ്റ്റാൻഡ് ആറ് വർഷമായി തുറക്കാത്തതും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

വടക്കൻ കേരളത്തിലേക്കുളള വഴി

മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുണ്ടാകുന്ന മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമായാണ് കേച്ചേരി വികസനം നിർദേശിച്ചിട്ടുള്ളത്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലേക്കും കർണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ദീർഘദൂര വാഹനങ്ങളും ലോറികളും മറ്റും കടന്നുപോകുന്ന ജംഗ്ഷനാണിത്. അതുകൊണ്ട് സംസ്ഥാനതല പ്രാധാന്യമുള്ള പാതയാണിത്.

വികസന നിർദ്ദേശങ്ങൾ

കേച്ചേരി അക്കിക്കാവ് ബൈപ്പാസ് റോഡിൽ കൈയേറ്റം കണ്ടെത്താനുള്ള സർവേ പൂർത്തീകരിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കും.
ലൈസൻസുള്ള സർവേയർമാരുടെ സേവനം ഉപയോഗപ്പെടുത്തി സർവേ പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ സ്‌കെച്ച് സമർപ്പിക്കുന്നതിന് സർവേ സൂപ്രണ്ടിന് നിർദ്ദേശം.
നാച്ചുറൽ ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് രൂപമാറ്റം വരുത്തിയ റോഡുകളെല്ലാം പൂർവസ്ഥിതിയിൽ ആക്കിയതിന് ശേഷം മാത്രം പുതിയ ജോലികൾക്ക് അനുമതി

ഫണ്ട് വകയിരുത്തിയതോടെ ഇനി സർവേയ്ക്കുള്ള നടപടികൾ വേഗത്തിലാക്കും. പാതയുടെ വീതി കൂട്ടുന്നതോടെ ബസ് സ്റ്റാൻഡ് തുറക്കുന്നത് അടക്കം സാദ്ധ്യമായേക്കും.

മുരളി പെരുന്നെല്ലി
എം.എൽ.എ.

Advertisement
Advertisement