റായ് ചുഴലിക്കാറ്റ് : മരണം 100 ആയി

Monday 20 December 2021 2:51 AM IST

മനില: ഫിലിപ്പൈൻസിൽ നാശം വിതയ്ക്കുന്ന റായ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 100 ആയതായി റിപ്പോർട്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ ഭക്ഷണമോ വെള്ളമോ പോലും എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ബൊഹോൽ ദ്വീപിൽ മാത്രം 49 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. 10 പേരെ കാണാതായി. ശക്തമായ കാറ്റിൽ കടപുഴകിയ മരങ്ങൾ പതിച്ചാണ് കൂടുതൽ പേരും മരിച്ചത്. കാണാതായവർക്കായി പൊലീസും സൈന്യവും കോസ്റ്റ്ഗാർഡും അടക്കം തെരച്ചിൽ ശക്തമാക്കി. ബൊഹോൽ ദ്വീപിലേക്ക് ഭക്ഷണമടക്കമുള്ള അത്യാവശ്യ സാധനങ്ങളുമായി ഇന്ന് നാവികസേനയുടെ കപ്പൽ പുറപ്പെട്ടേക്കും. വ്യാഴാഴ്ചയായിരുന്നു ചുഴലിക്കാറ്റ് ഫിലിപ്പൈൻസിന്റെ തെക്ക്-കിഴക്കൻ ദ്വീപുകളിൽ ആഞ്ഞടിച്ചത്. നിലവിൽ മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണ് റായി വീശുന്നത്. ക്രമേണ വേഗംകൂടി മണിക്കൂറിൽ 270 കിലോമീറ്ററായി വർദ്ധിക്കുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. പ്രകൃതിക്ഷോഭങ്ങൾ ഏറ്റവുമധികവും വേഗത്തിലും ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈൻസ്. ശരാശരി 20 കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും രാജ്യത്ത് വർഷം തോറും ഉണ്ടാവാറുണ്ട്.

Advertisement
Advertisement